ഇന്ത്യ രോഹിത് ശര്‍മ്മയ്‌ക്കും വിരാട് കോലിക്കും വിശ്രമം നല്‍കിയപ്പോള്‍ മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കുകയാണ് എന്ന് കനേറിയ 

ഗയാന: ഇന്ത്യന്‍ ട്വന്‍റി 20 ടീമില്‍ കിട്ടിയ അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയുന്നില്ല എന്ന പഴി കേള്‍ക്കുന്ന താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് ടി20കളിലും കളിച്ച താരം കുഞ്ഞന്‍ സ്കോറില്‍ പുറത്തായിരുന്നു. ഇതോടെ സഞ്ജു നേരിടുന്ന വലിയ വിമര്‍ശനം ശരിവെക്കുകയാണ് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേറിയ. ഇങ്ങനെയാണേല്‍ സഞ്ജു എപ്പോഴാണ് റണ്‍സ് കണ്ടെത്താന്‍ പോകുന്നത് എന്നാണ് കനേറിയയുടെ ചോദ്യം.

'ഇന്ത്യ രോഹിത് ശര്‍മ്മയ്‌ക്കും വിരാട് കോലിക്കും വിശ്രമം നല്‍കിയപ്പോള്‍ മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കുകയാണ്. കുറച്ച് താരങ്ങള്‍ക്ക് കാര്യമായി അവസരങ്ങള്‍ ലഭിച്ചിരുന്നില്ല എന്ന വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ ടീം ഇന്ത്യ ഇപ്പോള്‍ അവരെ കളിപ്പിക്കുന്നു. സഞ്ജു സാംസണ്‍ എപ്പോഴാണ് ഇനി റണ്‍സ് കണ്ടെത്താന്‍ പോകുന്നത്. സഞ്ജുവിന് ആവശ്യത്തിന് അവസരം ഇപ്പോഴുണ്ട്. സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്ന് വാദിച്ചയൊരാളാണ് ഞാന്‍. എന്നാല്‍ ലഭിച്ച മിക്ക അവസരങ്ങളും ഫലപ്രദമായി വിനിയോഗിക്കാന്‍ താരത്തിനായില്ല' എന്നും ഡാനിഷ് കനേറിയ കൂട്ടിച്ചേര്‍ത്തു. 

ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായി ടീമിലുള്ളതിനാല്‍ സഞ്ജു സാംസണെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിപ്പിക്കുന്നത്. ആദ്യ രണ്ട് ട്വന്‍റി 20കളില്‍ 9.50 ശരാശരിയില്‍ 19 റണ്‍സേ താരം നേടിയുള്ളൂ. രണ്ടാം ടി20യിലും ബാറ്റിംഗ് പരാജയമായതോടെ രാജ്യാന്തര ട്വന്‍റി 20യില്‍ സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് ശരാശരി 18ലേക്ക് താഴ്‌ന്നിരുന്നു. ട്വന്‍റി 20 ക്രിക്കറ്റില്‍ 18 ഇന്നിംഗ്‌സുകള്‍ കളിച്ച സഞ്ജു 320 റണ്‍സാണ് നേടിയത്. ഇതില്‍ ഒരൊറ്റ 50+ സ്കോര്‍ മാത്രമേയുള്ളൂ. രാജ്യാന്തര ടി20യില്‍ 18.82 ശരാശരി മാത്രമേ സഞ്ജുവിനുള്ളൂ. 

Read more: ട്വന്‍റി 20യിൽ 'ശരാശരി' പോലുമാകാതെ സഞ്ജു സാംസൺ; കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം