
ചണ്ഡീഗഡ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് ശേഷം വിരാട് കോലി(Virat Kohli) ഇന്ത്യയുടെ ടെസ്റ്റ് നായക സ്ഥാനം അപ്രതീക്ഷിതമായി ഒഴിഞ്ഞതിന് പിന്നാലെ ടെസ്റ്റ് ടീമിന്‍റെ നായകനായി എത്തിയത് 34കാരനായ രോഹിത് ശര്‍മയാണ്(Rohit Sharma). ഏകദിന, ടി20 ടീമുകളുടെ നായകനായിരുന്ന രോഹിത്തിനെ ടെസ്റ്റ് ടീമിന്‍റെയും നായകനാക്കുകയായിരുന്നു.
യുവതാരങ്ങളിലൊരാളെ ക്യാപ്റ്റനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയായിരുന്നു സെലക്ടര്‍മാര്‍ രോഹിത്തില്‍ വിശ്വാസമര്‍പ്പിച്ചത്. രോഹിത്തിന് കീഴില്‍ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത് നിലവില്‍ മൂന്ന് ഫോര്‍മാറ്റിലെയും ഇന്ത്യയുടെ മികച്ച ബാറ്റര്‍മാരിലൊരാളായ കെ എല്‍ രാഹുലിനെ(KL Rahul) ആയിരുന്നു. സ്വഭാവികമായും രോഹിത് സ്ഥാനമൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് രാഹുലിന് സാധ്യത കൂടുതലുമാണ്. എന്നാല്‍ രാഹുല്‍ അല്ല ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ അടുത്ത നായകനെന്ന് രാഹുലിന്‍റെ പേരെടുത്ത് പറയാതെ പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്(Yuvraj Singh).
യുവിയുടെ അഭിപ്രായത്തില്‍ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനാവേണ്ടത് റിഷഭ് പന്താണ്(Rishabh Pant). യാതൊരു സാധ്യതയും ഇല്ലാതിരുന്നിട്ടും എം എസ് ധോണിയെ എങ്ങനെയാണോ ഇന്ത്യയുടെ നായകനായി തെരഞ്ഞെടുത്തത് അതുപോലെ പന്തിനെയും ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനാക്കണമെന്നാണ് യുവി പറയുന്നത്. ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പുള്ള പന്തിനെ ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടുവരാനാണ് ഇനി ശ്രമിക്കേണ്ടതെന്നും യുവി സ്പോര്‍ട്സ് 18 ഷോയില്‍ പറഞ്ഞു.
ധോണി ശൂന്യതയില്‍ നിന്നാണ് നായകനായി എത്തിയത്. പിന്നീട് അദ്ദേഹം മികച്ച നാകനായി മാറുകയായിരുന്നു. അതുപോലെ പന്തിനെയും വളര്‍ത്തിക്കൊണ്ടുവരണം. വിക്കറ്റ് കീപ്പര്‍ നായകനാവുന്നത് എന്തുകൊണ്ടും ടീമിന് ഗുണകരമാണ്. കാരണം ഒരു വിക്കറ്റ് കീപ്പര്‍ക്ക് കളിയെക്കുറിച്ച് വ്യക്തമായ ധാരണ എല്ലായ്പ്പോഴും ഉണ്ടാകും. എന്നാല്‍ പന്തില്‍ നിന്ന് ഉടന്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്. അയാള്‍ക്ക് ആവശ്യമായ സമയം നല്‍കണം. റിഷഭ് പന്തിന് പക്വത ഇല്ലെന്ന വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും യുവി പറഞ്ഞു.
പന്തിന്‍റെ പ്രായത്തില്‍ ഞാനും പക്വത ഇല്ലാത്തയാളായിരുന്നു, വിരാട് കോലിയും ക്യാപ്റ്റനായ പ്രായത്തില്‍ പക്വതയുള്ള ആളായിരുന്നില്ല. അതുപോലെ കാലം കഴിയുമ്പോള്‍ പന്തും പക്വതയുള്ള കളിക്കാരനാവുമെന്ന് യുവി വ്യക്തമാക്കി. ഏഴാം നമ്പറില്‍ ഇറങ്ങി 17 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയിട്ടുള്ള കളിക്കാരനാണ് ഓസ്ട്രേലിയന്‍ ഇതിഹാസമായ ആദം ഗില്‍ക്രിസ്റ്റ്. പന്തിന് ഇപ്പോള്‍ തന്നെ നാല് സെഞ്ചുറികള്‍ ഉണ്ട്.
അതുകൊണ്ട് തന്നെ ഗില്‍ക്രിസ്റ്റിനെപ്പോലെ പന്തും ഇതിഹാസ താരമായി വളരുമെന്നാണ് എൻറെ വിശ്വാസം-യുവി പറഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ പന്തിന് ടെസ്റ്റില്‍ 40ന് മുകളില്‍ ബാറ്റിംഗ് ശരാശരിയും നാല് സെഞ്ചുറികളുമുണ്ട്. ടെസ്റ്റില്‍ 90 കളില്‍ അഞ്ച് തവണ പുറത്തായിട്ടുള്ള പന്തിന് കൂടുതല്‍ സെഞ്ചുറികള്‍ നഷ്ടമായത് നിര്‍ഭാഗ്യം കൊണ്ടാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!