
മൊഹാലി: 2007ലെ ആദ്യ ടി20 ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു യുഗാരംഭമായിരുന്നു. എം എസ് ധോണിയെന്ന ക്യാപ്റ്റൻ കൂളിന്റെ ഉദയം കണ്ട ടൂർണമെന്റ്. ആ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായതിന് പിന്നാലെ തലമുറ മാറ്റത്തിന്റെ ഭാഗമായി സീനിയർ താരങ്ങളായ സച്ചിനും ഗാംഗുലിയും ദ്രാവിഡും വിട്ടു നിന്നപ്പോൾ താരതമ്യേന യുവതാരങ്ങളുമായി ലോകകപ്പിന് പോയ ധോണി കിരിടവുമായാണ് തിരിച്ചെത്തിയത്. അതിനുശേഷം ദ്രാവിഡിന്റെ പിൻഗാമിയായി മറ്റൊരു നായകനെക്കുറിച്ച് ഇന്ത്യക്ക് തലപുകക്കേണ്ടിവന്നില്ല.
ധോണിയുടെ മാത്രം ലോകകപ്പായിരുന്നില്ല അത്, യുവരാജിന്റേത് കൂടിയായിരുന്നു. ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെ ആറ് പന്തിൽ ആറ് സിക്സടിച്ച് യുവി ചരിത്രമെഴുതിയ ലോകകപ്പ് കൂടിയായിരുന്നു അത്. അന്ന് സീനിയർ താരങ്ങള് വിട്ടു നിന്നപ്പോൾ കൂട്ടത്തിൽ സീനിയറായ തനിക്ക് ക്യാപ്റ്റൻ സ്ഥാനം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി തുറന്നുപറയുകയാണ് യുവരാജ് സിംഗ് ഇപ്പോൾ.
ഏകദിന ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായത് ഇന്ത്യൻ ക്രിക്കറ്റിനെ ശരിക്കും പിടിച്ചു കുലുക്കിയിരുന്നു. അതിന് പിന്നാലെ ഇംഗ്ലണ്ടിലേക്ക് രണ്ട് മാസം നീളുന്ന പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്കും അയർലൻഡിനുമെതിരെ ഒരു മാസം നീണ്ടു നിൽക്കുന്ന പരമ്പരയും ഇന്ത്യക്ക് കളിക്കേണ്ടിയിരുന്നു. ഇതിനൊപ്പമാണ് ഒരു മാസം നീളുന്ന ടി20 ലോകകപ്പ്. നാലു മാസത്തോളം കുടുംബത്തെ വിട്ടുനിൽക്കേണ്ട സാഹചര്യത്തിൽ പല സീനിയർ താരങ്ങളും ടി20 ലോകകപ്പ് ഒഴിവാക്കാൻ തീരുമാനിച്ചു. ആരും ഇതിനെ ഗൗരവമായി കണ്ടില്ല എന്നതാണ് രസകരമായ കാര്യം.
സീനിയർ താരങ്ങൾ വിട്ടു നിന്നതിനാൽ സ്വാഭാവികമായും കൂട്ടത്തിൽ സീനിയറായ എന്നെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ അപ്പോഴാണ് അപ്രതീക്ഷിതമായി എം എസ് ധോണിയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നത്.
ആര് ക്യാപ്റ്റനായാലും ടീം അംഗങ്ങളുടെ മുഴുവൻ പിന്തുണയും അയാൾക്ക് ലഭിക്കും. അത് ദ്രാവിഡായാലും ഗാംഗുലിയായാലും അങ്ങനെ തന്നെയാണ്. കാരണം, ആത്യന്തികമായി ടീമാണ് പ്രധാനം. സച്ചിനും ദ്രാവിഡിനും ഗാംഗുലിക്കുമൊപ്പം സഹീർ ഖാനും ലോകകപ്പിൽ നിന്ന് വിശ്രമം എടുത്തിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ക്രിസ് ഗെയ്ൽ 50-55 പന്തിൽ 100 റൺസടിച്ചപ്പോൾ സഹീർ മെസേജ് അയച്ചു. വിശ്രമം എടുത്തത് നന്നായെന്ന്. എന്നാൽ ലോകകപ്പ് കിരീടം നേടി തിരിച്ചുവന്നപ്പോൾ വിശ്രമം എടുക്കേണ്ടായിരുന്നുവന്ന് സഹീർ പറഞ്ഞു.
ടീമിൽ യുവതാരങ്ങളും പുതിയ നായകനുമായിരുന്നതിനാൽ പ്രത്യേകിച്ച് തന്ത്രങ്ങളൊന്നും മെനയാതെയാണ് ലോകകപ്പിന് പോയതെന്നും ആദ്യമായാണ് ഇത്തരത്തിലൊരു ടൂർണമെന്റ് നടക്കുന്നത് എന്നതിനാൽ ടി20യിൽ എന്ത് തന്ത്രം മെനയണമെന്ന് ആർക്കും കാര്യമായി ധാരണയുണ്ടായിരുന്നില്ലെന്നും യുവി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!