
ദില്ലി: ഐപിഎല്‍ പതിനാറാം സീസണില്‍ എം എസ് ധോണി കിരീടമുയര്‍ത്തിയത് വൈകാരിക നിമിഷമെന്ന് രാജസ്ഥാന്‍ റോയല്‍സ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ഐപിഎല്ലിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി മാറിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അത് ടീമിന് പ്രയോജനപ്പെടാതിരുന്നത് നിരാശ സമ്മാനിച്ചുവെന്നും ചാഹല്‍ വ്യക്തമാക്കി. യശസ്വി ജയ്‌സ്വാള്‍, റിങ്കു സിംഗ്, തിലക് വര്‍മ്മ, ധ്രുവ് ജൂരെല്‍ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനത്തെ ചാഹല്‍ പ്രശംസിച്ചു.
വ്യക്തിപരമായി സന്തോഷം, പക്ഷേ...
'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് നേട്ടക്കാരനായതില്‍ സന്തോഷമുണ്ട്. അതൊരു സ്വപ്‌നം സഫലമായ നിമിഷമാണ്. വ്യക്തിപരമായി നേട്ടങ്ങളുണ്ടായപ്പോഴും ടീമിന് പ്രയോജനപ്പെടാതിരുന്നത് സങ്കടമുണ്ടാക്കി. അത് ക്രിക്കറ്റിന്‍റെ ഭാഗമാണ് എന്നറിയാം. കഴിഞ്ഞ വര്‍ഷം 2022 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലെത്തിയിരുന്നു. ഇക്കുറി പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായില്ല. ഇങ്ങനെയൊക്കെ സംഭവിക്കും, ക്രിക്കറ്റ് അങ്ങനെയാണ്. എന്തായാലും രാജസ്ഥാന്‍ റോയല്‍സ് മികച്ച ടീമാണ്. ഈ സീസണില്‍ വരുത്തിയ പിഴവുകള്‍ വരും എഡിഷനില്‍ പരിഹരിക്കും. ടൂര്‍ണമെന്‍റിന്‍റെ ആദ്യ ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ രണ്ടാം ഘട്ടത്തില്‍ മോശമായി. അതിനെ ന്യായീകരിക്കുന്നില്ല, നന്നായി കളിക്കാത്തത് കൊണ്ടാണ് തോല്‍വികളുണ്ടായത്. യശസ്വി ജയ്‌സ്വാള്‍ മികച്ച പ്രതിഭയാണ്. നേരത്തെ അറിയാമെങ്കിലും രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയപ്പോഴാണ് ഒന്നിച്ച് കളിക്കാന്‍ തുടങ്ങിയത്. ഏറെ കഴിവുള്ള, കഠിനാധ്വാനിയായ താരമാണയാള്‍. റിങ്കു സിംഗ്, തിലക് വര്‍മ്മ, ധ്രുവ് ജൂരെല്‍ എന്നിവരും മികച്ച താരങ്ങളാണ്. 21-ാം വയസില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് ജയ്‌സ്വാള്‍ കളിക്കുന്നത്. യുവ ബാറ്റര്‍മാര്‍ ഇതിഹാസ ബൗളര്‍മാര്‍ക്കെതിരെ അനായാസം സ്കോര്‍ ചെയ്യുന്നത് ഗംഭീരമായി'.
ധോണിക്ക് പ്രശംസ
'എം എസ് ധോണി ഐപിഎല്‍ കിരീടം ഉയര്‍ത്തിയത് വൈരിക നിമിഷമായിരുന്നു. ഞാന്‍ മാത്രമല്ല, രാജ്യമൊന്നാകെ ധോണി കപ്പുയര്‍ത്തുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു. അത് സംഭവിച്ചതില്‍ സന്തോഷമുണ്ട്. അദേഹമൊരു ഇതിഹാസമാണ്. ഫൈനലില്‍ സിഎസ്‌കെ ഞങ്ങളെയാണ് പരാജയപ്പെടുത്തിയതെങ്കിലും ഇതേ സന്തോഷം എനിക്ക് കാണും. പരിക്കിന് ശേഷം രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് ഗംഭീരമായി. അദേഹം നമ്പര്‍ 1 ഓള്‍റൗണ്ടറാണ്' എന്നും ചാഹല്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Read more: ഒന്നും രണ്ടുമല്ല, ഫൈനലില്‍ ഇന്ത്യക്ക് നഷ്‌ടം നാല് താരങ്ങളെ!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!