
റാഞ്ചി: ഒരുകാലത്ത് ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ലെഗ് സ്പിന്നറായിരുന്ന ചാഹലിന്റെ ഈ രണ്ടാം ഇന്നിംഗ്‌സ് വേറിട്ടതായിരുന്നു. ബാറ്റര്‍മാരെ കറക്കിവീഴ്ത്തിയ ഗൂഗ്ലികള്‍ക്ക് പകരം അവതരണത്തിലൂടെയാണ് ചാഹല്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടുനില്‍ക്കുന്നത്. റാഞ്ചിയിലെ കാഴ്ചയും ഇതുതന്നെയായിരുന്നു. രണ്ടാം ടി20ക്ക് മുന്നോടിയായി, 'കുല്‍-ചാ' സഖ്യത്തിലെ തന്റെ മുന്‍ പങ്കാളിയായ കുല്‍ദീപ് യാദവുമായി ചാഹല്‍ അഭിമുഖം നടത്തി. ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ചാഹലിന്റെ വിക്കറ്റ് വേട്ടയുടെ റെക്കോര്‍ഡ് കുല്‍ദീപ് മറികടന്നതായിരുന്നു പ്രധാന വിഷയം.
ഈ നേട്ടത്തില്‍ തനിക്ക് പൂര്‍ണ്ണ സന്തോഷമില്ലെന്നും, ചഹാല്‍ ഇന്ത്യന്‍ ടീമില്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ രണ്ടുപേര്‍ക്കും ചേര്‍ന്ന് കൂടുതല്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാമായിരുന്നുവെന്നും കുല്‍ദീപ് തുറന്നുപറഞ്ഞു. ''എനിക്ക് ഇതില്‍ പൂര്‍ണ സന്തോഷമില്ല. നമ്മള്‍ ഒന്നിച്ചു കളിക്കുകയായിരുന്നെങ്കില്‍ കൂടുതല്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാമായിരുന്നു. എങ്കിലും ഇപ്പോള്‍ നിങ്ങളെ മറുവശത്ത് കാണുന്നതും സന്തോഷമാണ്. ഒപ്പമുള്ളപ്പോള്‍ ടീമില്‍ എപ്പോഴും നല്ലൊരു അന്തരീക്ഷമുണ്ടാകും. ബൗളിംഗിനെക്കുറിച്ച് നിങ്ങളില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പറയാനും സാധിക്കുന്നു. അതിന് ഞാന്‍ എപ്പോഴും കടപ്പെട്ടിരിക്കും.'' കുല്‍ദീപ് പറഞ്ഞു.
80 ടി20 മത്സരങ്ങളില്‍ നിന്ന് 96 വിക്കറ്റുകള്‍ ചഹാല്‍ നേടിയിട്ടുണ്ട്. വിജയലക്ഷ്യം പ്രതിരോധിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ കണക്കുകള്‍ കൂടുതല്‍ മികച്ചതാണ്. രണ്ടാമത് ബൗള്‍ എറിയമ്പോള്‍ 48 മത്സരങ്ങളില്‍ നിന്ന് 22.46 ശരാശരിയില്‍ 65 വിക്കറ്റുകള്‍ ചാഹല്‍ നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം ലിമിറ്റഡ് ഓവര്‍ മത്സരങ്ങളിലും ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ചാഹലിന്റെ വാക്കുകള്‍... ''രാജ്യത്തിനായി കളിക്കാനുള്ള ആഗ്രഹം ഇപ്പോഴും ഉള്ളിലുണ്ട്. എന്നില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏകദിന, ടി20 ടീമുകളിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ കഴിവതെല്ലാം ചെയ്യും.'' ചാഹല്‍ പറഞ്ഞു. ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവിന്റെ പശ്ചാത്തലത്തില്‍ ഈ വാക്കുകള്‍ക്ക് പ്രാധാന്യമേറുന്നു. ഫോം നഷ്ടപ്പെട്ട് പുറത്തായ കളിക്കാര്‍ക്ക് തിരിച്ചുവരവ് സാധ്യമാണെന്ന് ഭുവനേശ്വര്‍ തെളിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!