
ദില്ലി: തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യന് സ്പിന്നര് യുസ്വേന്ദ്ര ചഹല്. മുന് ഓപ്പണര് ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് 36-കാരനായ താരം തന്റെ വ്യക്തിജീവിതത്തിലെ കറുത്ത നാളുകളെക്കുറിച്ചും അതില്നിന്ന് കരകയറിയതിനെക്കുറിച്ചും മനസ് തുറന്നത്. ഐപിഎല്ലില് 188 മത്സരങ്ങളില് നിന്ന് 233 വിക്കറ്റുകള് വീഴ്ത്തിയിട്ടുള്ള ചഹല്, അന്താരാഷ്ട്ര ക്രിക്കറ്റില് ഇന്ത്യക്കായി 72 ഏകദിനങ്ങളും 80 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
എന്നാല് ഇതുവരെ ഒരു ടെസ്റ്റ് മത്സരത്തില് പോലും കളിക്കാന് അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. പ്രൊഫഷണല് കരിയറിലെ നേട്ടങ്ങള്ക്കൊപ്പം തന്നെ വ്യക്തിജീവിതത്തില് വലിയ തകര്ച്ചകളിലൂടെയാണ് താരം കടന്നുപോയത്. തന്റെ വിവാഹമോചനത്തിന് ശേഷം, മാനസികാവസ്ഥ മോശമായതിനെത്തുടര്ന്ന് മദ്യത്തിന് അടിമയായി മാറിയെന്ന് ചഹല് വെളിപ്പെടുത്തി. ''കഴിഞ്ഞ വര്ഷത്തെ കൗണ്ടി ക്രിക്കറ്റിന് ശേഷം മദ്യപാനം എല്ലാ അതിരുകളും ലംഘിച്ചു. അതോടെ ഞാന് ഒരു റീഹാബ് സെന്ററിലേക്ക് മാറി, അവിടെ 26 ദിവസം ചെലവഴിച്ചു. ആ തീരുമാനം എന്റെ വ്യക്തിജീവിതത്തില് വലിയ മാറ്റമുണ്ടാക്കി. കൂടതല് പക്വത കൈവന്നു, വികാരങ്ങള് നിയന്ത്രിക്കാന് പഠിച്ചു. കഴിഞ്ഞ ഐപിഎല്ലില് എന്റെ ശരീരം വീണ്ടും 30 വയസുകാരന്റേതുപോലെ ഉന്മേഷമുള്ളതായി തോന്നി.'' ചഹല് പറഞ്ഞു.
2011ല് താന് ആദ്യമായി ഐപിഎല് കളിച്ചപ്പോള് എബി ഡി വില്ലിയേഴ്സ് തനിക്ക് നല്കിയ ഉപദേശവും താരം ഓര്ത്തെടുത്തു. ''ജീവിതത്തില് ബാലന്സാണ് പ്രധാനം എന്ന് എബിഡി എന്നോട് പറഞ്ഞിരുന്നു. കേള്ക്കാന് എളുപ്പമാണെങ്കിലും അത് പാലിക്കുക പ്രയാസമാണ്. എന്റെ വിവാഹമോചനത്തിന് ശേഷം കാര്യങ്ങള് കൈവിട്ടുപോയി. ഇതേ രീതിയില് മുന്നോട്ടുപോയാല് ഞാന് ഏറ്റവും സ്നേഹിക്കുന്ന ക്രിക്കറ്റിനെ അത് നശിപ്പിക്കുമെന്ന് എനിക്ക് മനസ്സിലായി.'' അദ്ദേഹം കൂട്ടിച്ചേര്ത്തു.
വ്യക്തിജീവിതം പൊതുസമൂഹത്തിന് മുന്നില് ചര്ച്ചയായത് തന്നെ മാനസികമായി തളര്ത്തിയെന്നും അത് തന്റെ ക്രിക്കറ്റിനെയും ബാധിച്ചതായി ചഹല് പറഞ്ഞു. ഉത്കണ്ഠയും പാനിക് അറ്റാക്കുകളും തന്നെ ഗുരുതരമായി ബാധിച്ചിരുന്നുവെന്ന് താരം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു സീസണുകളിലായി ഐപിഎല്ലില് മികച്ച പ്രകടനം പുറത്തെടുക്കുന്ന ചഹല്, 2025ല് 16 വിക്കറ്റും 2026ല് 12 വിക്കറ്റും വീഴ്ത്തിയിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് നിലവില് താന് സന്തോഷകരമായ ഒരു അവസ്ഥയിലാണെന്നും താരം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!