
മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണെപ്പോലെ നിരാശനായ മറ്റൊരു താരമുണ്ട് ഇന്ത്യന്‍ ടീമില്‍. സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ഒരു മാസം മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി പന്തെറിഞ്ഞ ചാഹലിന് പക്ഷെ ഏഷ്യാ കപ്പ് ടീമിലോ ഏകദിന ലോകകപ്പ് ടീമിലോ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലോ ഇടമില്ല.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ചാഹലിനെ ടീമിലെടുത്തിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയതുമില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും ചാഹലിന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായില്ലെന്നത് നിരാശയായി. എന്നാല്‍ ചാഹല്‍ ഇല്ലെങ്കിലും താരത്തിന്‍റെ ഭാര്യയും യുട്യൂബറുമായ ധനശ്രീ വര്‍മ ലോകകപ്പിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍സ്റ്റഗ്രാമില്‍ 55 ലക്ഷം ഫോഴളോവേഴ്സുള്ള ധനശ്രീ ചാഹലിനൊപ്പമുള്ള ഡാന്‍സ് വീഡിയോകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ്. ഈ ജനപ്രിയത കണക്കിലെടുത്ത് ഐസിസിയുടെ ലോകകപ്പ് ഗാനത്തില്‍ (ലോകകപ്പ് ആന്തം) ധനശ്രീയെ കൂടി ഉള്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഐസിസി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും ദില്‍ ജാഷന്‍ ബോലെ എന്ന് പേരിട്ടിരിക്കുന്ന ലോകകപ്പ് ഗാനത്തിന്‍റെ ലോഞ്ചിംഗില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനൊപ്പം ധനശ്രീയും പങ്കെടുക്കുന്നുണ്ട്.
പ്രീതം ചക്രവര്‍ത്തിയാണ് ലോകകപ്പ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് ലോകകപ്പ് ആന്തം ഐസിസി പുറത്തിറക്കുമെന്നാണ് കരുതുന്നത്. ലോകകപ്പ് ആന്തത്തിന് പുറമെ ലോകകപ്പിനുള്ള ഇന്ത്യന്‍ ജേഴ്സി ഔദ്യോഗിക ജേഴ്സി സ്പോണ്‍സര്‍മാരായ അഡിഡാസ് ഇന്ന് പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റില്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!