അമേരിക്കൻ യുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ചെയ്ത പൈലറ്റ് തെക്കുപടിഞ്ഞാറൻ ഇറാനിൽ വീണതായി റിപ്പോർട്ട്. ഇറാൻ വിമാനം തകർത്തതായി അവകാശപ്പെടുമ്പോൾ, പൈലറ്റിനായി അമേരിക്കൻ ഹെലികോപ്റ്ററുകൾ തിരച്ചിൽ നടത്തുന്നതായും സൂചനയുണ്ട്. ഈ സംഭവം നിലവിലെ സംഘർഷം കൂടുതൽ വഷളാക്കുമെന്ന് ആശങ്കയുയരുന്നു.
ടെഹ്റാൻ: അമേരിക്കൻ യുദ്ധവിമാനത്തിന്റെ പൈലറ്റ് വിമാനത്തിൽ നിന്ന് സ്വയം ഇജക്‌ട് ചെയ്ത് ചാടിയ സൈനികൻ തെക്കുപടിഞ്ഞാറൻ ഇറാനിൽ വീണതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ പൈലറ്റിനെ ഇതുവരെ ഇറാൻ സൈനികർ പിടികൂടിയതായി വിവരമില്ല. പൈലറ്റിനെ ഉപദ്രവിക്കാതെ ജീവനോടെ പോലീസിന് കൈമാറണമെന്നാണ് ഇറാൻ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കൻ സൈന്യത്തിൻറെ ഒരു എഫ്-35 യുദ്ധവിമാനമാണ് ഇറാൻ തകർത്തതെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ട വിമാന അവശിഷ്ടങ്ങളുടെ ചിത്രം എഫ്-15ഇ വിമാനത്തിന്റേതാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇറാനിലെ പർവ്വതപ്രദേശമായ കോഹ്കിലുയേ ആന്റ് ബോയർ-അഹമ്മദ് പ്രവിശ്യയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. പൈലറ്റിനെ കണ്ടെത്താൻ അമേരിക്കൻ ഹെലികോപ്റ്ററുകൾ ഇറാൻ അതിർത്തിക്കുള്ളിൽ തിരച്ചിൽ നടത്തുന്നതായും സൂചനകളുണ്ട്. സംഭവത്തെക്കുറിച്ച് അമേരിക്കൻ സെൻട്രൽ കമാൻഡോ, യുഎസ് ഭരണകൂടമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധമുഖത്ത് നിന്നുള്ള വാദമായതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ആവശ്യമാണ്. അഞ്ച് ആഴ്ചയായി തുടരുന്ന യുദ്ധത്തിൽ ഏറ്റവും നിർണായകമായ സംഭവമാണിത്. അമേരിക്കൻ പൈലറ്റ് ഇറാൻ സൈന്യത്തിന്റെ പിടിയിലായാൽ അത് മേഖലയിലെ സംഘർഷം കൂടുതൽ വഷളാകാൻ കാരണമാകുമെന്നാണ് കരുതുന്നത്. പൈലറ്റിനെ ജീവനോടെ പിടികൂടി കൈമാറുന്നവർക്ക് വലിയ പ്രതിഫലം നൽകുമെന്ന് ഇറാനിലെ പ്രാദേശിക ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.


