സിംബാബ്‌വെ ബൗളറുടെ കുടുംബാംഗങ്ങളാണ് മത്സരത്തിനിടെ ദീപക് ചാഹറിനെ കാണാനെത്തിയത്

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ വന്‍ തിരിച്ചുവരവ് നടത്തിയ ബൗളറാണ് ഇന്ത്യയുടെ ദീപക് ചാഹര്‍. പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞെത്തിയ പേസര്‍ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിന്നും പ്രകടനം കൊണ്ട് മാത്രമല്ല, തന്‍റെ ഇടപെടല്‍ കൊണ്ടും ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് ചാഹര്‍. അതും ഒരു സിംബാബ്‌വെ താരത്തിന്‍റെ കുടുംബത്തിന്‍റെ പ്രശംസ പിടിച്ചുപറ്റി. 

സിംബാബ്‌വെ ബൗളറുടെ കുടുംബാംഗങ്ങളാണ് ആദ്യ ഏകദിനത്തിനിടെ ദീപക് ചാഹറിനെ കാണാനെത്തിയത്. ഞാനെന്ന് സ്‌പര്‍ശിച്ചോട്ടെ എന്നായിരുന്നു ഇതില്‍ ഒരാളുടെ ചോദ്യം. അതിനെന്താ, തൊട്ടോളൂ എന്ന് താരം പറഞ്ഞതോടെ അവര്‍ സന്തോഷത്തിലായി. ഞങ്ങള്‍ വളരെ സന്തുഷ്‌ടരാണ്, ചാഹര്‍ വിനീതനും സുന്ദരനുമാണ് എന്നായിരുന്നു സിംബാബ്‌വെ താരത്തിന്‍റെ മറ്റൊരു കുടുംബാംഗത്തിന്‍റെ പ്രതികരണം. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറാണ് ദീപക് ചാഹറും സിംബാബ്‌വെ ബൗളറുടെ കുടുംബവും തമ്മിലുള്ള രസകരമായ സംഭാഷണം പങ്കുവെച്ചത്. 

ആരാധകരുടെ വലിയ പിന്തുണ ലഭിക്കുന്നതിന്‍റെ സന്തോഷം ദീപക് ചാഹറും മറച്ചുവെച്ചില്ല. സമ്മര്‍ദത്തിലാവുന്ന ഘട്ടങ്ങളില്‍ പിന്തുണ ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ആവശ്യമാണ്. കൊവിഡ് കാലത്തിന് ശേഷം വലിയ ആരാധകക്കൂട്ടത്തിനെ കാണുന്നത് സന്തോഷമാണ് എന്നും ദീപക് ചാഹര്‍ പറഞ്ഞു. 

ദീപക് ചാഹര്‍ എന്തുകൊണ്ട് കളിക്കുന്നില്ല?

പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ദീപക് ചാഹര്‍ 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ആതിഥേയരുടെ ടോപ് ത്രീയെയാണ് ചാഹര്‍ മടക്കിയത്. ഇതോടെ മത്സരത്തിലെ താരമായും ചാഹര്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ദീപക് ചാഹര്‍ കളിക്കുന്നില്ല. ചാഹര്‍ കളിക്കാത്തതിന്‍റെ കാരണം വ്യക്തമല്ല. 

ആദ്യ ഏകദിനത്തിലെ മികച്ച താരം, ഇരുട്ടി വെളുത്തപ്പോള്‍ ടീമില്‍ നിന്ന് പുറത്ത്! ചാഹറിന്റെ കാര്യത്തില്‍ ദുരൂഹത