
ബ്രിസ്‌ബേന്‍: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെയ്ക്ക് 151 റണ്‍സ് വിജയലക്ഷ്യം. ബ്രിസ്‌ബേനില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (55 പന്തില്‍ 71) ഇന്നിംഗ്‌സാണ് തുണയായത്. ഏഴ് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. രണ്ട് വിക്കറ്റ് വീതം നേടിയ റിച്ചാര്‍ഡ് ഗവാര, ബ്ലെസിംഗ് മുസറബാനി എന്നിവരാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറില്‍ ഒതുക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച സിംബാബ്‌വെ മൂന്ന് ഓവറില്‍ രണ്ടിന് 17 എന്ന നിലയിലാണ്.
പവര്‍പ്ലേയില്‍ തന്നെ ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ വീഴ്ത്താന്‍ സിംബാബ്‌വെ ബൗളര്‍മാര്‍ക്കായിരുന്നു. ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ (0) രണ്ടാം ഓവറില്‍ മടങ്ങി. ആറാം ഓവറില്‍ ലിറ്റണ്‍ ദാസും (14) കൂടാരം കയറി. ഇരുവരേയും മുസറബാനിയാണ് മടക്കിയത്. ഇതോടെ രണ്ടിന് 32 എന്ന നിലയിലായി ബംഗ്ലാദേശ്. പിന്നീട് ഷാന്റോ- ഷാക്കിബ് അല്‍ ഹസന്‍ (23) എന്നിവര്‍ കൂട്ടിചേര്‍ത്ത 54 റണ്‍സാണ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
എന്നാല്‍ ഷാക്കിബിനെ പുറത്താക്കി സീന്‍ വില്യംസ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസിലെത്തിയ അഫീഫ് ഹുസൈന്‍ (29) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഷാന്റോയ്‌ക്കൊപ്പം 36 റണ്‍സ് അഫീഫ് കൂട്ടിചേര്‍ത്തു. എന്നാല്‍ സിക്കന്ദര്‍ റാസ ഷാന്റോയെ പുറത്താക്കി സിംബാബ്‌വെയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഷാന്റോയുടെ ഇന്നിംഗ്‌സ്. പിന്നീടെത്തിയ മൊസദെക് ഹുസൈന്‍ (7), നൂറൂല്‍ ഹസന്‍ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. യാസിര്‍ അലി (1) പുറത്താവാതെ നിന്നു. അഫീഫ് അവസാന പന്തില്‍ പുറത്താവുകയായിരുന്നു.
ബംഗ്ലാദേശ്: നജ്മുല്‍ ഹുസൈന്‍ ഷാന്റോ, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, അഫീഫ് ഹുസൈന്‍, മൊസദെക് ഹുസൈന്‍, നൂറുല്‍ ഹസന്‍, യാസിര്‍ അലി, മുസ്തഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മൂദ്, ടസ്‌കിന്‍ അഹമ്മദ്.
സിംബാബ്‌വെ: വെസ്ലി മധെവേരെ, ക്രെയ്ഗ് ഇര്‍വിന്‍, മില്‍ട്ടണ്‍ ഷുംബ, സീന്‍ വില്യംസ്, സിക്കന്ദര്‍ റാസ, റെഗിസ് ചകാബ്വ, റ്യാന്‍ ബേള്‍, ബ്രാഡ് ഇവാന്‍സ്, തെന്‍ഡെ ചടാര, റിച്ചാര്‍ഡ് ഗവാര, ബ്ലെസിംഗ് മുസറബാനി.