
ഹരാരെ: ടീം ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിന് അല്‍പസമയത്തിനകം തുടക്കമാകും. ഹരാരെ സ്പോര്‍ട്‌സ് ക്ലബിലെ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുല്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. മറ്റൊരു യുവ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി പ്ലേയിംഗ് ഇലവനിലുണ്ട്. അതേസമയം അരങ്ങേറ്റത്തിന് രാഹുല്‍ ത്രിപാഠി കാത്തിരിക്കണം. കെ എല്‍ രാഹുലിനൊപ്പം പരിക്കുമാറി പേസര്‍ ദീപക് ചാഹര്‍ ഏറെക്കാലത്തിന് ശേഷം പ്ലേയിംഗ് ഇലവനിലെത്തിയതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു.
ഓപ്പണര്‍ ശിഖര്‍ ധവാന്‍, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ എന്നിവരാണ് പ്ലേയിംഗ് ഇലവനിലുള്ള മറ്റ് ബാറ്റര്‍മാര്‍. സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിനൊപ്പം വിന്‍ഡീസിലെ പ്രകടനത്തിന്‍റെ കരുത്തില്‍ കുല്‍ദീപ് യാദവും പ്ലേയിംഗ് ഇലവനിലെത്തി. ദീപക് ചാഹറിനൊപ്പം പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍.
പ്ലേയിംഗ് ഇലവന്‍- ഇന്ത്യ: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്.
ബലാബലം
സിംബാബ്‌വെക്കെതിരെ ഏകദിനങ്ങളില്‍ മികച്ച റെക്കോര്‍ഡാണ് ടീം ഇന്ത്യക്കുള്ളത്. ഇതുവരെ 63 ഏകദിനങ്ങളില്‍ ഇരുകൂട്ടരും മുഖാമുഖം വന്നപ്പോള്‍ 51 മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. സിംബാബ്‌വെയുടെ ജയം 10ല്‍ ഒതുങ്ങിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. സിംബാബ്‌വെക്കെതിരെ 12 മത്സരങ്ങളുടെ തുടര്‍ജയത്തിന്‍റെ റെക്കോര്‍ഡുമായാണ് ഇന്ത്യ ഇന്നിറങ്ങുക. ഹരാരെയില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ 10 വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. 2016ലായിരുന്നു ഈ മത്സരം.
സഞ്ജു ഇറങ്ങാനിരിക്കേ ഹരാരെയില്‍ രസംകൊല്ലിയായി മഴയെത്തുമോ? കാലാവസ്ഥാ പ്രവചനം അറിയാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!