സിംബാബ്‌വെക്കെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്

ഹരാരെ: ടീം ഇന്ത്യയുടെ സിംബാബ്‌വെന്‍ പര്യടനം ഇന്നാരംഭിക്കുകയാണ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഉച്ചയ്‌ക്ക് ഇന്ത്യന്‍സമയം പന്ത്രണ്ടേമുക്കാലിന് ആരംഭിക്കും. സിംബാബ്‌വെയിലെ പ്രാദേശികസമയം രാവിലെ 9.15നാണ് മത്സരം. ആദ്യ ഏകദിനത്തെ മഴ തടസപ്പെടുത്താന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? മത്സരവേദിയായ ഹരാരെയിലെ കാലാവസ്ഥാ പ്രവചനം എങ്ങനെയെന്ന് നോക്കാം. ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയ സന്തോഷ വാര്‍ത്ത സമ്മാനിക്കുന്നതാണ് വെതര്‍ ഡോട് കോമിന്‍റെ പ്രവചനം. 

മത്സരദിനമായ ഇന്ന് പകല്‍ 27ഉം രാത്രി 12ഉം സെല്‍ഷ്യസായിരിക്കും താപനില. പകലും രാത്രിയും ആകാശം തെളിഞ്ഞതായിരിക്കും. ഇന്ന് മഴയ്‌ക്ക് നേരിയ സാധ്യത പോലും വെതര്‍ ഡോട് കോം പ്രവചിക്കുന്നില്ല. അതിനാല്‍ തന്നെ സിംബാബ്‌വെ-ഇന്ത്യ ആദ്യ ഏകദിനത്തെ മഴ തടസപ്പെടുത്തില്ല. ഹ്യുമിഡിറ്റി പകല്‍ 32ഉം രാത്രി 53ഉം ശതമാനമായിരിക്കും. 

സിംബാബ്‌വെക്കെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ്‍ സ്ക്വാഡിലുണ്ട്. ഹരാരെ സ്പോര്‍ട്‌സ് ക്ലബാണ് മൂന്ന് മത്സരങ്ങളുടേയും വേദി. പരിക്കിന്‍റെ ഇടവേള കഴിഞ്ഞ് മടങ്ങിയെത്തുന്ന കെ എല്‍ രാഹുലിലാണ് കണ്ണുകളെല്ലാം. പേസ‍ര്‍ ദീപക് ചാഹറും തിരിച്ചുവരവിനായി കാത്തിരിക്കുന്നു. ടി20 ലോകകപ്പ് ടീമിലേക്ക് ചില താരങ്ങളെ പരിഗണിക്കാന്‍ സാധ്യത നിലനില്‍ക്കുന്നു എന്നതിനാല്‍ സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്ക് പരമ്പരയിലെ പ്രകടനം നിര്‍ണായകമാകും. ഹരാരെയില്‍ പ്ലേയിംഗ് ഇലവനിലെത്താന്‍ ഇഷാന്‍ കിഷനുമായി ശക്തമായ മത്സരം സഞ്ജുവിനുണ്ട്. 

സിംബാബ്‌വെക്കെതിരെ ഏകദിനങ്ങളില്‍ മികച്ച റെക്കോര്‍ഡാണ് ടീം ഇന്ത്യക്കുള്ളത്. ഇതുവരെ 63 ഏകദിനങ്ങളില്‍ ഇരുകൂട്ടരും മുഖാമുഖം വന്നപ്പോള്‍ 51 മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. സിംബാബ്‌വെയുടെ ജയം 10ല്‍ ഒതുങ്ങിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. സിംബാബ്‌വെക്കെതിരെ 12 മത്സരങ്ങളുടെ തുട‍ര്‍ജയത്തിന്‍റെ റെക്കോര്‍ഡുമായാണ് ഇന്ത്യ ഇന്നിറങ്ങുക. 

ഇന്ത്യന്‍ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‍ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് ക‍ൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

ആദ്യ ഏകദിനം; സിംബാബ്‌വെ വെള്ളംകുടിക്കും; ഇന്ത്യയിറങ്ങുക ഹിമാലയന്‍ റെക്കോര്‍ഡുമായി