ഓള്‍റൗണ്ട് ഷാക്കിബ്; അഫ്‌ഗാനെതിരെ ബംഗ്ലാദേശിന് ജയം

By Web TeamFirst Published Jun 24, 2019, 10:51 PM IST
Highlights

ബാറ്റിംഗില്‍ 51 റണ്‍സെടുത്ത ഷാക്കിബ് 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും വീഴ്‌ത്തി മത്സരം തന്‍റേതാക്കി.

സതാംപ്‌ടണ്‍: ലോകകപ്പില്‍ ഷാക്കിബ് അല്‍ ഹസന്‍റെ ഓള്‍റൗണ്ട് മികവില്‍ അഫ്‌ഗാനെതിരെ ബംഗ്ലാദേശിന് 62 റണ്‍സ് ജയം. ബംഗ്ലാദേശിന്‍റെ 262 റണ്‍സ് പിന്തുടര്‍ന്ന അഫ്‌ഗാന് 47 ഓവറില്‍ 200 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബാറ്റിംഗില്‍ 51 റണ്‍സെടുത്ത ഷാക്കിബ് 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും വീഴ്‌ത്തി മത്സരം തന്‍റേതാക്കി. സ്‌കോര്‍: ബംഗ്ലാദേശ് 262-7(50), അഫ്‌ഗാനിസ്ഥാന്‍ 200-10 (47).

മറുപടി ബാറ്റിംഗില്‍ അഫ്‌ഗാന് മികച്ച തുടക്കമാണ് ഗുല്‍ബാദിന്‍ നൈബും റഹ്‌മത്ത് ഷായും നല്‍കിയത്. എന്നാല്‍ 24 റണ്‍സെടുത്ത റഹ്‌മത്ത് ഷായെ 11-ാം ഓവറില്‍ ഷാക്കിബ് പുറത്താക്കിയതോടെ കളി മാറി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഷാക്കിബ് വിക്കറ്റ് വീഴ്‌ത്തി. ഗുല്‍ബാദിന്‍(47), മുഹമ്മദ് നബി(0), അസ്‌ഗാര്‍ അഫ്‌ഗാന്‍(20) എന്നിവരെ ഷാക്കിബ് മടക്കി. ഹഷ്‌മത്തുള്ള ഷാഹിദിയെ(11) മൊസദാക്ക് പുറത്താക്കിയപ്പോള്‍ ഇക്രം അലി 11 റണ്ണുമായി റണ്‍ഔട്ടായി. 

എന്നാല്‍ ഏഴാം വിക്കറ്റില്‍ സമീയുള്ളയും നജീബുള്ളയും അഫ്‌ഗാനായി പൊരുതാന്‍ ശ്രമിച്ചെങ്കിലും ഷാക്കിബ് അനുവദിച്ചില്ല. 23 റണ്‍സെടുത്ത നജീബുള്ളയെ ഷാക്കിബിന്‍റെ പന്തില്‍ റഹീം സ്റ്റംപ് ചെയ്തു. റഷീദ് ഖാന്‍ നേടിയത് രണ്ട് റണ്‍സ്. 47-ാം ഓവറിലെ അവസാന പന്തില്‍ മുജീബ് ഉര്‍ റഹ്‌മാനെ സൈഫുദ്ധീന്‍ ബൗള്‍ഡാക്കിയതോടെ അഫ്ഗാന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. ഷാക്കിബിനെ കൂടാതെ മുസ്‌താഫിസുര്‍ രണ്ടും സൈഫുദ്ധീനും മൊസദേക്കും ഓരോ വിക്കറ്റും നേടി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്‌ഫീഖുറിന്‍റെയും ഷാക്കിബിന്‍റെയും അര്‍ദ്ധ സെഞ്ചുറിയില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 262 റണ്‍സെടുത്തു. ഷാക്കിബ് 51 റണ്‍സെടുത്തും മുഷ്‌ഫീഖുര്‍ 83 റണ്‍സുമായും പുറത്തായി. തമീം ഇക്‌ബാല്‍(26), മൊസദാക്ക് ഹൊസൈന്‍(35), മഹമുദുള്ള(27), ലിറ്റണ്‍ ദാസ്(16), സൗമ്യ സര്‍ക്കാര്‍(3), മുഹമ്മദ് സൈഫുദ്ധീന്‍(2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.

മുഷ്‌ഫീഖുറും മഹമുദുള്ളയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന മുഷ്‌ഫീഖുറിനെ 49-ാം ഓവറിലെ മൂന്നാം പന്തില്‍ ദൗലത്ത് പുറത്താക്കിയത് നിര്‍ണായകമായി. അഫ്‌ഗാനായി മുജീബ് ഉര്‍ റഹ്‌മാന്‍ മൂന്നും ഗുല്‍ബാദിന്‍ നൈബ് രണ്ടും ദൗലത്ത് സദ്രാനും മുഹമ്മദ് നബിയും ഓരോ വിക്കറ്റും വീഴ്‌ത്തി. മത്സരത്തോടെ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷാക്കിബ്(476 റണ്‍സ്) വീണ്ടും മുന്നിലെത്തി. 

click me!