സ്പിന്‍ കെണിയില്‍ വീണ് ഇന്ത്യ; അഫ്ഗാന് വിജയലക്ഷ്യം 225 റണ്‍സ്

By Web TeamFirst Published Jun 22, 2019, 6:34 PM IST
Highlights

2019 ലോകകപ്പിലെ ആദ്യ സെഞ്ചുറി നേട്ടത്തിലേക്ക് ബാറ്റ് വീശിയ കോലിയെ മുഹമ്മദ് നബിയാണ് വീഴ്ത്തിയത്. 63 പന്തില്‍ 67 റണ്‍സാണ് കോലി നേടിയത്. ലോകകപ്പില്‍ മിന്നുന്ന ഫോമിലുള്ള രോഹിത് ശര്‍മയുടെ വിക്കറ്റ് വീഴ്ത്തി കോലിപ്പടയെ ഞെട്ടിച്ചാണ് അഫ്ഗാന്‍ തുടങ്ങിയത്

സതാംപ്ടണ്‍: കടലാസിലെ ഇന്ത്യന്‍ കരുത്തിന് മുന്നില്‍ അഫ്ഗാന്‍ യഥാര്‍ഥ പോരാട്ടവീര്യം പുറത്തെടുത്തപ്പോള്‍ കോലിപ്പടയ്ക്ക് അടിപതറി. ലോകകപ്പിലെ വിജയക്കുതിപ്പ് തുടരാനെത്തിയ നീലപ്പടയെ വരിഞ്ഞ് മുറുക്കിയ അഫ്ഗാനിസ്ഥാന്‍ മികച്ച ബൗളിംഗ് പ്രകടനത്തോടെ അട്ടിമറി സാധ്യതകളാണ് തുറന്നെടുത്തിരിക്കുന്നത്.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഓര്‍ക്കാന്‍ നായകന്‍ കോലിയുടെയും കേദാര്‍ ജാദവിന്‍റെയും അര്‍ധ സെഞ്ചുറികള്‍ മാത്രം ബാക്കിയായപ്പോള്‍ നിശ്ചിത ഓവറില്‍ നേടാനായത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് മാത്രം. അഫ്ഗാന് വേണ്ടി മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നെയ്ബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ രണ്ട് പേരും ആദ്യ 20 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തിരിച്ച് ഡ്രെസിംഗ് റൂമിലെത്തി.

പിന്നാലെ എത്തിയ വിജയ് ശങ്കറിനും (29) കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയതോടെ വിരാട് കോലിയാണ് പിടിച്ച് നിന്നത്. അല്‍പം പതിയെ തുടങ്ങി നിലയുറപ്പിച്ച ഇന്ത്യന്‍ നായകന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ 2019 ലോകകപ്പിലെ ആദ്യ സെഞ്ചുറി നേട്ടത്തിലേക്ക് ബാറ്റ് വീശിയ കോലിയെ മുഹമ്മദ് നബിയാണ് വീഴ്ത്തിയത്. 63 പന്തില്‍ 67 റണ്‍സാണ് കോലി നേടിയത്.

ലോകകപ്പില്‍ മിന്നുന്ന ഫോമിലുള്ള രോഹിത് ശര്‍മയുടെ വിക്കറ്റ് വീഴ്ത്തി കോലിപ്പടയെ ഞെട്ടിച്ചാണ് അഫ്ഗാന്‍ തുടങ്ങിയത്. ഇന്ത്യയെ മികച്ച ബൗളിംഗിലൂടെ ആദ്യ ഓവറുകളില്‍ പിടിച്ചുകെട്ടാന്‍ അഫ്ഗാന് സാധിച്ചു. ഇന്ത്യക്കെതിരെ മികച്ച പ്രകടനം ലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉര്‍ റഹ്മാനാണ് രോഹിത്തിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്.

പത്തു പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രമായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം. തുടര്‍ന്ന് ഒത്തുച്ചേര്‍ന്ന നായകന്‍ വിരാട് കോലിയും കെ എല്‍ രാഹുലും ശ്രദ്ധയോടെ മുന്നോട്ട് പോകുന്നതിനിടെ അടുത്ത് വിക്കറ്റും വീണു. മുഹമ്മദ് നബിക്കെതിരെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് രാഹുലാണ് വിക്കറ്റ് തുലച്ചത്.

53 പന്തില്‍ നിന്ന് 30 റണ്‍സാണ് രാഹുല്‍ നേടിയത്. കോലിയും വീണതോടെ എം എസ് ധോണിയും കേദാര്‍ ജാദവും ചേര്‍ത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍, 57 റണ്‍സ് ജാദവിനൊപ്പം കൂട്ടിച്ചേര്‍ത്ത ശേഷം ധോണിയും മടങ്ങി. 52 പന്തില്‍ 28 റണ്‍സെടുത്ത ധോണിയെ റാഷിദ് ഖാന്‍റെ പന്തില്‍ ഇക്രം അലി സ്റ്റംപ് ചെയ്യുകയായിരുന്നു. 

വമ്പനടിക്കാരനായ ഹാര്‍ദിക് പാണ്ഡ്യക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായി ബിഗ് ഹിറ്റര്‍ കൂടാരം കയറി. അവസാന ഓവറില്‍ 68 പന്തില്‍ 52 റണ്‍സെടുത്ത കേദാര്‍ ജാദവ് അഫ്ഗാന് നായകന് വിക്കറ്റ് നല്‍കി മടങ്ങി.

അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നെയ്ബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബാക്കി എറിഞ്ഞവര്‍ക്കെല്ലാം ഓരോ ഇരകളെ ലഭിച്ചു. അഫ്ഗാന്‍റെ സ്പിന്‍ കെണിയിലാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ വഴുതി വീണത്. നാലംഗ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ അഞ്ച് വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. 
 

click me!