ഒടുവില്‍ മഴ ജയിച്ചു; കാത്തിരുന്നവരെ നിരാശരാക്കി ഇന്ത്യ- കിവീസ് പോരാട്ടം ഉപേക്ഷിച്ചു

By Web TeamFirst Published Jun 13, 2019, 7:38 PM IST
Highlights

 ഇടവിട്ട് പെയ്യുന്ന മഴയ്ക്ക് ഒപ്പം ഔട്ട്ഫീല്‍ഡും മത്സരത്തിന് യോഗ്യമല്ല എന്ന അവസ്ഥിയിലാണ്. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്‍റുകള്‍ വീതം പങ്കിട്ടു. മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് ഇത്

ട്രെൻഡ്ബ്രിഡ്ജ് : ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ - ന്യൂസിലൻഡ് പോരാട്ടത്തിനായി കാത്തിരുന്നവരെ നിരാശരാക്കി മത്സരം ഉപേക്ഷിച്ചു. നോട്ടിംഗ്ഹാമില്‍ കനത്ത മഴ തുടര്‍ന്നതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തത്. ഇടവിട്ട് പെയ്യുന്ന മഴയ്ക്ക് ഒപ്പം ഔട്ട്ഫീല്‍ഡും മത്സരത്തിന് യോഗ്യമല്ല എന്ന അവസ്ഥയിലാണ്.

മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്‍റുകള്‍ വീതം പങ്കിട്ടു. മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് ഇത്. നേരത്തെ, പാക്കിസ്ഥാന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് എന്നീ മത്സരങ്ങളും ഉപേക്ഷിച്ചിരുന്നു.

മഴ താറുമാറാക്കിയ ലോകകപ്പ് ഉപേക്ഷിച്ച മത്സരങ്ങളുടെ എണ്ണംകൊണ്ട് ഇതിനകം റെക്കോര്‍ഡിടുകയാണ് ഇംഗ്ലണ്ട്. . ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. കീവീസ് കളിച്ച മൂന്ന് കളികളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച രണ്ടെണ്ണത്തിലും ജയിച്ചു. ഇതോടെ ഇരുടീമുകളും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാകും നോട്ടിംഗ്ഹാം സാക്ഷ്യം വഹിക്കുക എന്നതായിരുന്നു ആരാധകരുടെ പ്രതീക്ഷ.

എന്നാല്‍, മത്സരം ഉപേക്ഷിച്ചത് വലിയ തിരിച്ചടി ആയിരിക്കുകയാണ്. പാക്കിസ്ഥാനെ നേരിടും മുമ്പ് ശിഖര്‍ ധവാന്‍ ഇല്ലാതെ ഒരു മത്സരം കളിച്ച് നോക്കാനുള്ള അവസരം കൂടെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. തുടര്‍ച്ചയായി നാലു ദിവസം നോട്ടിംഗ്ഹാമില്‍ മഴ പെയ്തിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മഴ മാറി നിൽക്കുകയായിരുന്നു. എന്നാല്‍, പ്രവചനങ്ങളെയും പ്രതീക്ഷകളെയും തെറ്റിച്ച് മഴ പിടിമുറുക്കിയതോടെ വിലപ്പെട്ട പോയിന്‍റുകളാണ് ടീമുകള്‍ക്ക് നഷ്ടമായിരിക്കുന്നത്.

click me!