ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; ഇന്ത്യയെ തോല്‍പ്പിച്ച് കിവീസ് ഫെെനലില്‍

By Web TeamFirst Published Jul 10, 2019, 7:32 PM IST
Highlights

അര്‍ധ സെഞ്ചുറി നേടി ജഡേജ വിമര്‍ശകരെ ഒന്നൊന്നായി ബൗണ്ടറിക്ക് അപ്പുറം കടത്തി. ഇതോടെ ആവേശകരമായ മത്സരത്തിലേക്ക് ഇന്ത്യ തിരികെയെത്തി. നൂറ് റണ്‍സ് കൂട്ടുകെട്ടും കടന്ന് ധോണി-ജഡേജ സഖ്യം മുന്നേറിയതോടെ കിവികളുടെ മുഖത്ത് ആശങ്ക നിഴലിച്ചു

മാഞ്ചസ്റ്റര്‍: തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ധോണിയെ ഒരറ്റത്ത് നിര്‍ത്തി മികച്ച പോരാട്ടം കാഴ്ചവെച്ച രവീന്ദ്ര ജഡേജയ്ക്കും ഇന്ത്യയെ വിജയിപ്പിക്കാനായില്ല. ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ മിന്നുന്ന വിജയവുമായി ന്യൂസിലന്‍ഡ് ഫെെനലിലെത്തുന്ന ആദ്യ ടീമായി. കിവീസ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു. 

സ്കോര്‍: ന്യൂസിലന്‍ഡ്- നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239
ഇന്ത്യ- 49.3 ഓവറില്‍ 221 റണ്‍സിന് പുറത്ത്

ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ തുടക്കത്തിലെ ഞെട്ടിച്ചാണ് ന്യൂസിലന്‍ഡ് തുടങ്ങിയത്. ടൂര്‍ണമെന്‍റില്‍ ഏറ്റവും ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ  വീഴ്ത്തി കിവികള്‍ തിരിച്ചടി തുടങ്ങി. 

മാറ്റ് ഹെന്‍‍റിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന് ക്യാച്ച് നല്‍കിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്. നാല് പന്തില്‍ ഒരു റണ്‍സായിരുന്നു രോഹിത്തിന്‍റെ സമ്പാദ്യം. സാഹചര്യങ്ങള്‍ മുതലാക്കി ന്യൂസിലന്‍ഡ് പേസ് നിര മികച്ച ബൗളിംഗ് പുറത്തെടുത്തപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും (1) വീണു.

ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ പന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. കോലി റിവ്യൂവിന് പോയെങ്കിലും അമ്പയറുടെ തീരുമാനത്തിന് അനുകൂലമായി മൂന്നാം അമ്പയറും വിധി എഴുതി. അധികം വെെകാതെ രാഹുലിനെയും (1) മാറ്റ് ഹെന്‍‍റി ലാഥമിന്‍റെ കെെകളില്‍ എത്തിച്ചു.

അല്‍പം നേരം ചെറുത്ത് നിന്നെങ്കിലും ഹെന്‍‍റിയുടെ പന്തില്‍ ബാറ്റ് വച്ച് കാര്‍ത്തിക് (6) ജിമ്മി നീഷാമിന്‍റെ അത്ഭുത ക്യാച്ചില്‍ തിരികെ മടങ്ങി. ശ്രദ്ധയോടെ സ്വയം നിയന്ത്രിച്ച് മുന്നേറിയ പന്തിനെ സാന്‍റനര്‍ കൃത്യമായി പദ്ധതി ഒരുക്കി വീഴ്ത്തുകയായിരുന്നു. 56 പന്തില്‍ 32 റണ്‍സാണ് ഋഷഭ് അടിച്ചത്. പിന്നാലെ റണ്‍സ് കണ്ടെത്താനാകാതെ പോയതോടെ സാന്‍റനറുടെ പന്തില്‍ വില്യംസണ് ക്യാച്ച് നല്‍കി ഹാര്‍ദിക്കും (32) കൂടാരം കയറി.

പിന്നീടാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് ചൂടും ചൂരും പകര്‍ന്ന രവീന്ദ്ര ജഡേജ - എം എസ് ധോണി സഖ്യം പോരാട്ടം ആരംഭിച്ചത്. ഒരറ്റത്ത് ധോണി വിക്കറ്റ് കാത്തു സൂക്ഷിച്ച് പിടിച്ച് നിന്നപ്പോള്‍ ജഡേജ ആക്രമണം ഏറ്റെടുത്തു. അപ്രാപ്യമെന്ന് വിലയിരുത്തലുണ്ടായ ലക്ഷ്യത്തിലേക്ക് ജഡേജയുടെ കരുത്തില്‍ ഇന്ത്യ ശ്രമിച്ച് തുടങ്ങി.

അര്‍ധ സെഞ്ചുറി നേടി ജഡേജ വിമര്‍ശകരെ ഒന്നൊന്നായി ബൗണ്ടറിക്ക് അപ്പുറം കടത്തി. ഇതോടെ ആവേശകരമായ മത്സരത്തിലേക്ക് ഇന്ത്യ തിരികെയെത്തി. നൂറ് റണ്‍സ് കൂട്ടുകെട്ടും കടന്ന് ധോണി-ജഡേജ സഖ്യം മുന്നേറിയതോടെ കിവികളുടെ മുഖത്ത് ആശങ്ക നിഴലിച്ചു. എന്നാല്‍, ധോണിക്ക് ബൗണ്ടറികള്‍ കണ്ടെത്താനാകാതെ പോയ സമ്മര്‍ദത്തില്‍ വമ്പനടിക്ക് ശ്രമിച്ച ജഡേജയ്ക്ക് പിഴച്ചു. 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്ത്.

പിന്നീട് സിക്സ് അടിച്ച് പ്രതീക്ഷ വര്‍ധിപ്പിച്ച ധോണി 48-ാം ഓവറില്‍ അനാവശ്യ റണ്ണിന് വേണ്ടി ഓടി റണ്‍ഔട്ടായതോടെ കിവികള്‍ വിജയം ഉറപ്പിച്ചു. 72 പന്തില്‍ 50 റണ്‍സായിരുന്നു ധോണിയുടെ സംഭാവന. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്‍‍റി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ, മഴയ്ക്ക് ശേഷവും ഒട്ടും ശൗര്യം ചോരാതെ രണ്ടാം ദിനവും പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍  ന്യൂസിലന്‍ഡ് മുട്ടുമടക്കുകയായിരുന്നു.

ഇന്ത്യന്‍ പേസ്-സ്പിന്‍ കൂട്ടുകെട്ടുകള്‍ നിറഞ്ഞാടിയപ്പോള്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് ന്യൂസിലന്‍ഡ് സ്കോര്‍ ബോര്‍ഡില്‍ കുറിച്ചത്. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്.

തുടര്‍ന്ന് റിസര്‍വ് ദിനത്തിലേക്ക് മാറ്റിയ കളിയില്‍ പിന്നീട് 28 റണ്‍സ് മാത്രമാണ് കിവികള്‍ കൂട്ടിച്ചേര്‍ത്തത്. കിവീസിനായി നായകന്‍ കെയ്ന്‍ വില്യംസണും (67), റോസ് ടെയ്‍ലറും (74) അര്‍ധ സെഞ്ചുറി നേടി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

click me!