തിരിച്ചടിയിലും പൊരുതി ദക്ഷിണാഫ്രിക്ക; കിവീസിനെതിരെ ഭേദപ്പെട്ട സ്കോര്‍

By Web TeamFirst Published Jun 19, 2019, 8:09 PM IST
Highlights

ദക്ഷിണാഫ്രിക്കയ്ക്കായി ഹാഷിം അംലയും റാസി വാന്‍ഡര്‍ ഡുസ്സനും അര്‍ധ സെഞ്ചുറികള്‍ നേടി. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മഴമൂലം 49 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിന് ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

ബിര്‍മിംഗ്ഹാം: ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാത്ത ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍. മഴ ബാറ്റിംഗ് ദുഷ്കരമാക്കിയ പിച്ചില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് ഡുപ്ലസിയും സംഘവും കുറിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ഹാഷിം അംലയും റാസി വാന്‍ഡര്‍ ഡുസ്സനും അര്‍ധ സെഞ്ചുറികള്‍ നേടി.

ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മഴമൂലം 49 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് ഇറങ്ങി രണ്ടാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്ക തിരിച്ചടിയേറ്റ് വാങ്ങി.

സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമുള്ളപ്പോള്‍ ക്വിന്‍റണ്‍ ഡികോക്ക് ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ പന്തില്‍ ബൗള്‍ഡായി പുറത്തായി. പിന്നീട് എത്തിയ നായകന്‍ ഫാഫ് ഡുപ്ലസിക്കൊപ്പം ഹാഷിം അംലയും ചേര്‍ന്നതോടെ പതിയെ ദക്ഷിണാഫ്രിക്ക കളിയിലേക്ക് തിരിച്ചെത്തി.

പക്ഷേ, എഡ്ജ്ബാസ്റ്റണിലെ സാഹചര്യങ്ങളും ന്യൂസിലന്‍ഡ് ബൗളിംഗും പിടിമുറുക്കിയതോടെ വളരെ പതുക്കെയാണ് ദക്ഷിണാഫ്രിക്ക മുന്നോട്ട് നീങ്ങിയത്. ഡുപ്ലസി (23), ഏയ്ഡന്‍ മര്‍ക്രാം (38) എന്നിവര്‍ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

83 പന്തില്‍ 55 റണ്‍സെടുത്ത ഹാഷിം അംലയെ മിച്ചല്‍ സാന്‍റനര്‍ വീഴ്ത്തുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. പിന്നീട് വാന്‍ഡര്‍ ഡുസ്സന്‍ (67) ഡേവിഡ് മില്ലര്‍ (36) എന്നിവരുടെ പ്രകടനമാണ് അല്‍പം ഭേദപ്പെട്ട സ്കോര്‍ ഡുപ്ലസിക്കും സംഘത്തിനും നല്‍കിയത്. കിവീസിനായി പത്ത് ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.

click me!