
ഓവല്‍: നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെ സെഞ്ചുറിയുടെ കരുത്തില്‍ മികച്ച സ്കോര്‍ കുറിച്ച ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. 335 റണ്‍സ് വിജയലക്ഷ്യവുമായി ഓവലില്‍ ഇറങ്ങിയ ലങ്കന്‍പട 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു നഷ്ടത്തില്‍ 120 റണ്‍സ് എന്ന നിലയിലാണ്.
നായകന്‍ ദിമുത് കരുണരത്നയ്ക്ക് ഒപ്പം കുശാല്‍ പെരേര(52) യും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. ഇരുവരും ഓവലില്‍ ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു. കൂട്ടത്തില്‍ ജേസണ്‍ ബെഹന്‍ഡ്രോഫും കെയ്ന്‍ റിച്ചാര്‍ഡ്സണുമാണ് കൂടുതല്‍ തല്ല് വാങ്ങിക്കൂട്ടിയത്. എന്നാല്‍ സ്റ്റാര്‍ക്കാണ് കുശാലിന്‍റെ വിക്കറ്റ് എടുത്ത് ഓസീസിനെ കളിയിലേക്ക് തിരികെ എത്തിച്ചത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റിനാണ് 334 റണ്‍സെടുത്തത്. ഫിഞ്ച് 153 റണ്‍സെടുത്തപ്പോള്‍ സ്‌മിത്ത് 73ല്‍ പുറത്തായി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മാക്‌സ്‌വെല്ലും ഓസ്‌ട്രേലിയക്ക് കരുത്തായി. ലോകകപ്പില്‍ ഇതുവരെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത ശ്രീലങ്കയ്ക്ക് ഈ തുടക്കം മുതലാക്കാനായാല്‍ വലിയ നേട്ടമാണുണ്ടാവുക.