അടിച്ചൊതുക്കി ഗെയ്‌ലും പുരാനും; പാക്കിസ്ഥാനെതിരെ വിന്‍ഡീസിന് ആവേശ ജയം

By Web TeamFirst Published May 31, 2019, 6:31 PM IST
Highlights

നോട്ടിംഗ്‌ഹാമില്‍ പാക്കിസ്ഥാന്‍റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ജയത്തിലെത്തി. ക്രിസ് ഗെയ്‌ലിന്‍റെ അര്‍ദ്ധ സെഞ്ചുറിയാണ്(34 പന്തില്‍ 50) വിന്‍ഡീസിന് ജയം സമ്മാനിച്ചത്. 

നോട്ടിംഗ്‌ഹാം: എറിഞ്ഞിട്ട ശേഷം അടിച്ചൊതുക്കി ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. നോട്ടിംഗ്‌ഹാമില്‍ പാക്കിസ്ഥാന്‍റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ജയത്തിലെത്തി. ക്രിസ് ഗെയ്‌ലിന്‍റെ അര്‍ദ്ധ സെഞ്ചുറിയാണ്(34 പന്തില്‍ 50) വിന്‍ഡീസിന് ജയം സമ്മാനിച്ചത്. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നേരത്തെ, നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ 105ല്‍ ഒതുക്കിയത്. 

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് തക്ക മറുപടിയാണ് പാക്കിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിര്‍ നടത്തിയത്. 11 റണ്‍സെടുത്ത ഷായ് ഹോപിനെയും അക്കൗണ്ട് തുറക്കും മുന്‍പ് ബ്രാവോയെയും ആമിര്‍ പുറത്താക്കി. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് 6.2 ഓവറില്‍ 46-2. എന്നാല്‍ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്‌ല്‍ ഒരറ്റത്ത് തകര്‍ക്കുന്നുണ്ടായിരുന്നു. ഇതോടെ വിന്‍ഡീസ് ആത്മവിശ്വാസം വീണ്ടെടുത്തു. ഗെയ്‌ലിന് നിക്കോളസ് പുരാന്‍ ഉറച്ച പിന്തുണ നല്‍കി.

ഗെയ്‌ല്‍ 33 പന്തില്‍ ഏകദിന അര്‍ദ്ധ സെഞ്ചുറിയിലെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ആമിര്‍ വെടിക്കെട്ട് ഓപ്പണറെ ഷദാബ് ഖാന്‍റെ കൈകളിലെത്തിച്ചു. ആമിറിനെ ഉയര്‍ത്തിയടിക്കാനുള്ള ഗെയ്‌ലിന്‍റെ ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പുരാന്‍ 19 പന്തില്‍ 34 റണ്‍സും ഹെറ്റ്ർമെയര്‍ ഏഴ് റണ്‍സുമെടുത്ത് അധികം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ വിന്‍ഡീസിനെ ജയത്തിലെത്തിച്ചു. വഹാബ് റിയാസിനെ 13.4 ഓവറില്‍ സിക്‌സര്‍ പറത്തി പുരാന്‍ കളി അവസാനിപ്പിക്കുകയായിരുന്നു. 

നോട്ടിംഗ്‌ഹാമില്‍ വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍മാര്‍. ഫഖറിനൊപ്പം ഓപ്പണറായ ഇമാം ഉള്‍ ഹഖ് രണ്ട് റണ്‍സില്‍ മടങ്ങി. 

നായകന്‍ സര്‍ഫറാസിന് നേടാനായത് എട്ട് റണ്‍സ്. ഇമാദ് വസീം(1), ഷദാബ് ഖാന്‍(0), ഹസന്‍ അലി(1) എന്നിവര്‍ അതിവേഗം മടങ്ങി. കൂട്ടത്തകര്‍ച്ച പ്രതിരോധിക്കാന്‍ ശ്രമിച്ച മുഹമ്മദ് ഹഫീസ് 16ല്‍ നില്‍ക്കേ പുറത്തായി. വാലറ്റത്ത് വഹാബ് റിയാസാണ്(11 പന്തില്‍ 18) പാക്കിസ്ഥാനെ 100 കടത്തിയത്. 21.4 ഓവറില്‍ അവസാനക്കാരനായി വഹാബ് പുറത്തായതോടെ പാക്കിസ്ഥാന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. മുഹമ്മദ് അമീര്‍(3) പുറത്താകാതെ നിന്നു.   

click me!