അഫ്ഗാന്‍ വീര്യം ഇന്ത്യക്ക് മുന്നില്‍ വീണതിന്‍റെ അഞ്ച് കാരണങ്ങള്‍

By Web TeamFirst Published Jun 23, 2019, 8:40 AM IST
Highlights

മുഹമ്മദ് നബിയുടെ അര്‍ധ ശതകത്തിന്‍റെ കരുത്തില്‍ പോരാട്ടവീര്യം പ്രകടിപ്പിച്ച അഫ്ഗാന്‍ 11 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. നബിയുടേതുള്‍പ്പെടെ അവസാന ഓവറിലെ മൂന്ന്, നാല് , അഞ്ച് പന്തുകളില്‍ വിക്കറ്റുകള്‍ നേടി ഹാട്രിക് നേടിയ ഷമിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്

സതാംപ്ടണ്‍: ലോകകപ്പില്‍ അപ്രതീക്ഷിതമായി ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ പിടിച്ചുകെട്ടി അട്ടിമറി സ്വപ്നം കണ്ട അഫ്ഗാന്‍ ഒടുവില്‍ കീഴടങ്ങി. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ കൃത്യതയ്ക്ക് മുന്നിലാണ് അഫ്ഗാന്‍ വീര്യം എരിഞ്ഞടങ്ങിയത്.

മുഹമ്മദ് നബിയുടെ അര്‍ധ ശതകത്തിന്‍റെ കരുത്തില്‍ പോരാട്ടവീര്യം പ്രകടിപ്പിച്ച അഫ്ഗാന്‍ 11 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. നബിയുടേതുള്‍പ്പെടെ അവസാന ഓവറിലെ മൂന്ന്, നാല് , അഞ്ച് പന്തുകളില്‍ വിക്കറ്റുകള്‍ നേടി ഹാട്രിക് നേടിയ ഷമിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ ഷമി സ്വന്തമാക്കിയപ്പോള്‍ ബുമ്ര, ചഹാല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. ഇന്ത്യ വിജയത്തിനുള്ള  കാരണങ്ങള്‍ പരിശോധിക്കാം.

1. ജസ്പ്രീത് ബുമ്രയുടെ 29-ാം ഓവര്‍
നിലയുറപ്പിച്ച റഹ്മത്തിനെയും ഷഹീദിയെയും ബുമ്ര വീഴ്ത്തിയത് നിര്‍ണായകമായി. അവസാന 12 പന്തില്‍ ഏഴ് യോര്‍ക്കറുകള്‍ എറിഞ്ഞും ബുമ്ര നായകന്‍റെ പ്രതീക്ഷ കാത്തു

2. മുഹമ്മദ് ഷമിയുടെ ഹാട്രിക്ക്
ജസ്പ്രീത് ബുമ്രയും ഷമിയും മികവ് പ്രകടിപ്പിച്ചതോടെ അവസാന ഓവറില്‍ അഫ്ഗാന് വിജയിക്കാന്‍ 16 റണ്‍സ് എന്ന നിലയിലായി. ഷമി എറിഞ്ഞ ഓവറിന്‍റെ ആദ്യ പന്ത് തന്നെ ഫോര്‍ നേടി നബി അര്‍ധ ശതകം കുറിച്ചു. എന്നാല്‍, മൂന്നാം പന്തില്‍ നബി വീണതോടെ അഫ്ഗാന്‍റെ കഥയും കഴിഞ്ഞു. തൊട്ടടുത്ത പന്തുകളില്‍ അഫ്താബ് ആലമിനെയും മുജീബിനെയും ക്ലീന്‍ ബൗള്‍ഡ് ചെയ്ത് 2019 ലോകകപ്പ് അരങ്ങേറ്റം ഷമി അവിസ്മരണീയമാക്കി.

3. അഫ്ഗാനിസ്ഥാന്‍ മുന്‍നിരബാറ്റ്സ്മാന്മാരുടെ പരിചയക്കുറവ്
വലിയ ഇന്നിംഗ്സ് ആരും കളിച്ചില്ല. തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ കരുതലോടെ നീങ്ങിയതിനെ കുറ്റപ്പെടുത്താനാകില്ലെങ്കിലും അവസാന ഓവറുകളായപ്പോഴേക്കും ജയിക്കാനാവശ്യമായ റൺനിരക്ക് ഉയര്‍ന്നുകൊണ്ടിരുന്നു. ട്വന്‍റി 20 ലീഗുകളിൽ കളിക്കുന്ന നബിയും റാഷിദും മാത്രമാണ് ആക്രമിച്ച് കളിച്ചത്

4. വിരാട് കോലിയുടെ മികച്ച ഇന്നിംഗ്സ്
മറ്റെല്ലാവരും താളം കണ്ടെത്താന്‍ വിഷമിച്ച പിച്ചിൽ കോലി 63 പന്തില്‍ 67 റൺസെടുത്തത് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചു

5. പണ്ഡ്യയുടെ രണ്ട് വിക്കറ്റ് നേട്ടം
ഷോര്‍ട് ബോളിലൂടെ നയിബിനെ വീഴ്ത്തിയതടക്കം 10 ഓവര്‍ പാണ്ഡ്യക്ക് തികച്ചെറിയാനായത് കോലിക്ക് ആശ്വാസമായി. 

click me!