'ജഡേജ- ധോണി കോംബോ'; ഇനി ആ അപൂര്‍വ്വ നേട്ടം ഇവര്‍ക്ക് സ്വന്തം

By Web TeamFirst Published Jul 6, 2019, 7:35 PM IST
Highlights

നയന്‍ മോംഗിയ -വെങ്കിടേഷ് പ്രസാദ് കൂട്ടുകെട്ടിനെയാണ് ധോണിയും ജഡേജയും പിന്നിലാക്കിയത്. ധോണി-ജ‍ഡേജ സഖ്യം 29 വിക്കറ്റുകളിലാണ് പങ്കാളികളായത്. 19 സ്റ്റംപിംഗുകളും 10 ക്യാച്ചുകളും ഇതില്‍ ഉള്‍പ്പെടുന്നു

ലീഡ്സ്: ഫീല്‍ഡില്‍ മിന്നുന്ന പ്രകടനം ഏറെ കാഴ്ചവെച്ചെങ്കിലും ഇന്നാണ് രവീന്ദ്ര ജഡേജയ്ക്ക് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കുന്നത്. ഇതിനകം സെമി സ്ഥാനം ഉറപ്പിച്ച കഴിഞ്ഞ ഇന്ത്യ മുഹമ്മദ് ഷമിക്ക് പകരമാണ് ജഡേജയ്ക്ക് അവസരം നല്‍കിയത്.

കളിയില്‍ തന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടിക്കൊണ്ട് ജഡേജ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. 10 ഓവറില്‍ വെറും 40 റണ്‍സ് മാത്രം വഴങ്ങി കുശാല്‍ മെന്‍ഡിസിന്‍റെ വിക്കറ്റ് നേടിയ ജഡേജയുടെ പ്രകടനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

എന്നാല്‍, മത്സരത്തില്‍ ഒരു അപൂര്‍വ്വ നേട്ടം കൂടി ജഡേജ പേരിലെഴുതി. ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പമുള്ള മാന്ത്രിക കൂട്ടുകെട്ടാണ് ഇപ്പോള്‍ റെക്കോര്‍ഡായി പരിണമിച്ചിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകളില്‍ പങ്കാളികളായ ബൗളര്‍-വിക്കറ്റ്കീപ്പര്‍ സഖ്യമായാണ് ധോണിയും ജഡേജയും മാറിയത്.

നയന്‍ മോംഗിയ -വെങ്കിടേഷ് പ്രസാദ് കൂട്ടുകെട്ടിനെയാണ് ധോണിയും ജഡേജയും പിന്നിലാക്കിയത്. ധോണി-ജ‍ഡേജ സഖ്യം 29 വിക്കറ്റുകളിലാണ് പങ്കാളികളായത്. 19 സ്റ്റംപിംഗുകളും 10 ക്യാച്ചുകളും ഇതില്‍ ഉള്‍പ്പെടുന്നു. 28 വിക്കറ്റുകളായിരുന്നു മോംഗിയ-പ്രസാദ് കൂട്ടുകെട്ടിന്‍റെ നേട്ടം. എന്നാല്‍, ലോക ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ മഖായ എന്‍ടിനി- മാര്‍ക്ക് ബൗച്ചര്‍ സഖ്യത്തിന്‍റെ പേരിലാണ് ഈ റെക്കോര്‍ഡ്. 75 വിക്കറ്റുകളാണ് ഇരുവരും ചേര്‍ന്നപ്പോള്‍ വീണിട്ടുള്ളത്. 

click me!