ഈ ഇംഗ്ലണ്ടിന് ഇത് എന്ത് പറ്റി? കണക്കുകള്‍ നിരത്തി ചോദ്യവുമായി ആരാധകര്‍

By Web TeamFirst Published Jun 25, 2019, 11:39 PM IST
Highlights

എതിര്‍ ടീം 400 റണ്‍സ് കുറിച്ചാലും പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കുമെന്ന് ഇംഗ്ലീഷ് താരങ്ങള്‍ വരെ പറഞ്ഞിരുന്നത് വെറുതെ ആയിരുന്നില്ല. അതിന് പിന്നില്‍ വ്യക്തമായ ഒരു കണക്കും ഉണ്ടായിരുന്നു

ലണ്ടന്‍:  ലോകകപ്പ് തുടങ്ങും വരെ ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലായിരുന്നു ഇംഗ്ലണ്ട്. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി 300ന് മുകളില്‍ സ്കോര്‍ ചെയ്തും ചേസ് ചെയ്തും അവര്‍ എതിരാളികളെ അമ്പരപ്പിച്ചു. ദക്ഷിണാഫ്രിക്കയെ ആധികാരികമായി കീഴടക്കി ലോകകപ്പിന്റെ തുടക്കവും ഇംഗ്ലണ്ട് ഗംഭീരമാക്കി.

എന്നാല്‍, തൊട്ടുപിന്നാലെ പാക്കിസ്ഥാനോട് ഏറ്റ അപ്രതീക്ഷിത തോല്‍വിയില്‍ ഇംഗ്ലീഷ് സംഘം ഒന്ന് ഞടുങ്ങി. എന്നാല്‍, ബംഗ്ലാദേശിനെയും വെസ്റ്റ് ഇന്‍ഡീസിനെയും കീഴടക്കിയതോടെ അവര്‍ കരുത്ത് വീണ്ടെടുത്തു. പക്ഷേ, ശ്രീലങ്കയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത അടിയാണ് ഇംഗ്ലണ്ടിന് ലഭിച്ചത്.

ഇന്ന് ഓസീസിനോട് തോല്‍വിയേറ്റ് വാങ്ങിയപ്പോഴും ലസിത് മലിംഗയും സംഘവും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് വിമുക്തരായിട്ടില്ലെന്ന് ഉറപ്പായി. ഈ ടീമിന് ഇത് എന്ത് സംഭവിച്ചു എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. എതിര്‍ ടീം 400 റണ്‍സ് കുറിച്ചാലും പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കുമെന്ന് ഇംഗ്ലീഷ് താരങ്ങള്‍ വരെ പറഞ്ഞിരുന്നത് വെറുതെ ആയിരുന്നില്ല.

അതിന് പിന്നില്‍ വ്യക്തമായ ഒരു കണക്കും ഉണ്ടായിരുന്നു. 2016 ജനുവരി മുതല്‍ ലോകകപ്പ് തുടങ്ങും വരെ ഇംഗ്ലീഷ് മണ്ണില്‍ 20 മത്സരങ്ങളിലാണ് ഇംഗ്ലണ്ട് ടീം ചേസ് ചെയ്തിട്ടുള്ളത്. അതില്‍ 17 വിജയങ്ങള്‍ പിറന്നപ്പോള്‍ ഒരെണ്ണം സമനിലയില്‍ കലാശിച്ചു. രണ്ട് മത്സരങ്ങള്‍ക്ക് ഫലവും ഉണ്ടായില്ല.

അതായത് 2016 ജനുവരി മുതല്‍ ലോകകപ്പ് തുടങ്ങും വരെ ഇംഗ്ലീഷ് മണ്ണില്‍ പിന്തുടര്‍ന്നു കളിച്ചപ്പോഴൊന്നും ടീം തോല്‍വി അറിഞ്ഞിട്ടില്ലെന്ന് സാരം. ലോകകപ്പില്‍ ഇംഗ്ലണ്ട് നാല് മത്സരങ്ങളിലാണ് ചേസ് ചെയ്തത്. അതില്‍ വിജയിക്കാനായത് ഒരെണ്ണത്തില്‍ മാത്രം, മൂന്നെണ്ണം തോറ്റു. പാക്കിസ്ഥാന്‍, ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഏത് സ്കോറും പിന്തുടര്‍ന്ന് വിജയിക്കാമെന്ന ഇംഗ്ലീഷ് ആത്മവിശ്വാസത്തെ കശാപ്പ് ചെയ്തിരിക്കുന്നത്.

click me!