വെറുതെ ഒരു വിജയമല്ല; ഇന്ത്യ വിജയത്തിന് പിന്നിലെ അഞ്ച് കാരണങ്ങള്‍

By Web TeamFirst Published Jun 17, 2019, 3:40 PM IST
Highlights

രോഹിത് ശര്‍മ സെഞ്ചുറി നേടി ഹീറോ ആയപ്പോല്‍ അര്‍ധ ശതകങ്ങളുമായി വിരാട് കോലിയും കെ എല്‍ രാഹുലും മികവ് കാട്ടി. ഒപ്പം കുല്‍ദീപും വിജയ് ശങ്കറും ഹാര്‍ദിക്കും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി

മാഞ്ചസ്റ്റര്‍: ലോകകപ്പിനെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കി. രോഹിത് ശര്‍മ സെഞ്ചുറി നേടി ഹീറോ ആയപ്പോല്‍ അര്‍ധ ശതകങ്ങളുമായി വിരാട് കോലിയും കെ എല്‍ രാഹുലും മികവ് കാട്ടി. ഒപ്പം കുല്‍ദീപും വിജയ് ശങ്കറും ഹാര്‍ദിക്കും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു.

എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. വെറുതെ അങ്ങ് ജയിച്ചത് മാത്രമല്ല, ഇന്ത്യയുടെ കൃത്യമായ ഗെയിം പ്ലാന്‍ ഒരുക്കി വിജയം നേടുകയായിരുന്നു. ഇന്ത്യന്‍ വിജയത്തിന് പിന്നിലെ അഞ്ച് കാരണങ്ങള്‍ ഇതാ

ഹിറ്റ്മാന്‍ രോഹിത്: തന്‍റെ കരിയറിലെ 24-ാം സെഞ്ചുറി നേട്ടം പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ആഘോഷിച്ച രോഹിത് ശര്‍മ തന്നെയായിരുന്നു കളിയിലെ താരം. 113 പന്തില്‍ രോഹിത് മാഞ്ചസ്റ്ററില്‍ അടിച്ചെടുത്തത് 140 റണ്‍സാണ്. ശിഖര്‍ ധവാന്‍ പരിക്കേറ്റ് മാറിയതോടെ വലിയ ഉത്തരവാദിത്വം ആണ് രോഹിത്തിനുണ്ടായിരുന്നത്. കെ എല്‍ രാഹുലിന് സമ്മര്‍ദം കൊടുക്കാതെ ആക്രമിച്ച് കളിക്കാന്‍ രോഹിത്തിന് സാധിച്ചു.

ഓള്‍റൗണ്ടര്‍ ദ്വയം- ഇന്ത്യ പണ്ട് ഒരുപാട് സ്വപ്നം കണ്ടിരുന്നതാണ് ഒരു പേസ്ബൗളിംഗ്-ബാറ്റിംഗ് ഓള്‍റൗണ്ടറെ. എന്നാല്‍, ഇപ്പോള്‍ രണ്ട് പേരാണ് ഒരുപാട് പ്രതിഭയോടെ ആ സ്ഥാനത്തുള്ളത്. ഹാര്‍ദിക് പാണ്ഡ്യയും വിജയ് ശങ്കറും അവരുടെ റോളുകള്‍ കൃത്യമായി ഇന്നലെ കളത്തില്‍ നടപ്പാക്കി. ഇരുവരും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

കോലി-രാഹുല്‍: രോഹിത് ശര്‍മയുടെ സെഞ്ചുറി ആകാശത്തോളം നില്‍ക്കുമെങ്കിലും അതിന് ഒട്ടം താഴെയല്ല നായകന്‍ വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്‍റെയും പ്രകടനം. സമ്മര്‍ദത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ രാഹുല്‍ മികച്ച ഒരു ഓപ്പണിംഗ് കൂട്ടുക്കെട്ട് ഉണ്ടാക്കിയതോടെ പാക്കിസ്ഥാന്‍റെ പ്രതീക്ഷകള്‍ തകര്‍ന്നു. പിന്നാലെ വന്ന കോലി രോഹിത്തിനൊപ്പം അടിച്ചു തകര്‍ത്തതോടെ പാക് ടീം ചിത്രത്തില്‍ നിന്ന് ഔട്ടായി.

കുല്‍ദീപ് മാജിക്: ഓപ്പണര്‍ ഫഖര്‍ സമനും ബാബര്‍ അസമും ചേര്‍ന്നതോടെ പാക് ടീം കളിയിലേക്ക് തിരിച്ചെത്തുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍, ആ കൂട്ടുക്കെട്ട് തകര്‍ക്കാനുള്ള നിയോഗം കുല്‍ദീപിനായിരുന്നു. ഫോം നഷ്ടമായി പഴികള്‍ ഒരുപാട് കേട്ടുകഴിഞ്ഞ ഇന്ത്യയുടെ ചെെനാമാന്‍റെ ഒരു അത്ഭുത പന്ത് ബാബറിന്‍റെ വിക്കറ്റ് തകര്‍ത്തു. കുല്‍ദീപിന്‍റെ അടുത്ത ഓവറില്‍ ഫഖറും വീണതോടെ ഇന്ത്യന്‍ വിജയം ഉറപ്പായി.

ആമിറിനെ നേരിട്ടത്: ബാറ്റിംഗ് ദുഷ്കരമായ പിച്ചിലേക്ക് ടോസ് നഷ്ടമായി ഇറങ്ങിയപ്പോള്‍ ഇന്ത്യക്ക് കൃത്യമായ ഗെയിം പ്ലാനുണ്ടായിരുന്നു. പാക്കിസ്ഥാന്‍റെ ഏറ്റവും മികച്ച ബൗളറാണ് മുഹമ്മദ് ആമിര്‍. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ആമിറിനെ ആക്രമിക്കാതെ സസൂക്ഷ്മം നേരിട്ടു. അതേസമയം, മറ്റു ബൗളര്‍മാരെ കണക്കറ്റ് ശിക്ഷിക്കുകയും ചെയ്തു. 

click me!