പച്ച ജേഴ്സി കണ്ടാല്‍ ഹാലിളകുന്ന ഹിറ്റ്മാന്‍; ആ സെഞ്ചുറികളുടെ കഥ

By Web TeamFirst Published Jun 19, 2019, 11:06 PM IST
Highlights

പച്ച ജേഴ്സി ധരിച്ച് വന്നാല്‍ രോഹിത് ശര്‍മയുടെ ബാറ്റിന്‍റെ ചൂട് അറിയുമെന്നാണ് ലോകകപ്പിലെ ഇപ്പോള്‍ വരെയുള്ള ചരിത്രം. രണ്ടാമത്തെ ലോകകപ്പ് കളിക്കുന്ന രോഹിത് ഇതുവരെ മൂന്ന് സെഞ്ചുറികളാണ് നേടിയത്

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യന്‍ ടീമും ഓപ്പണര്‍ രോഹിത് ശര്‍മയും അസാമാന്യ ഫോമിലാണ്. നാലില്‍ മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയം കണ്ടു. ന്യൂസിലന്‍ഡിനെതിരെയുള്ള മത്സരം മഴ കൊണ്ടു പോയി. വിജയിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയുമായി മിന്നും ഫോമിലാണ് രോഹിത് ശര്‍മ.

ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു ആ സെഞ്ചുറികള്‍. എന്നാല്‍, അതിലെ രസകരമായ വസ്തുത അറിഞ്ഞാല്‍  കൗതുകം തോന്നും. പച്ച ജേഴ്സി ധരിച്ച് വന്നാല്‍ രോഹിത് ശര്‍മയുടെ ബാറ്റിന്‍റെ ചൂട് അറിയുമെന്നാണ് ലോകകപ്പിലെ ഇതുവരെയുള്ള ചരിത്രം.

രണ്ടാമത്തെ ലോകകപ്പ് കളിക്കുന്ന രോഹിത് ഇതുവരെ മൂന്ന് സെഞ്ചുറികളാണ് നേടിയത്. അത് മൂന്നും പച്ച ജേഴ്സി ധരിച്ചെത്തിയ ടീമുകളോട് ആണെന്നുള്ളതാണ് രസകരം. 2015 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു രോഹിത്തിന്‍റെ ആദ്യ ലോകകപ്പ് സെഞ്ചുറി.

അന്ന് മെല്‍ബണില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി 126 പന്തില്‍ 137 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. അടുത്ത സെഞ്ചുറി പിറന്നത് ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലാണ്. അന്ന് പച്ച ജേഴ്സി ധരിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ 122 റണ്‍സെടുത്ത് ഹിറ്റ്മാന്‍ പുറത്താകാതെ നിന്നു.

അവസാനം പാക്കിസ്ഥാനെ നേരിട്ടപ്പോഴും രോഹിത് കസറി. 113 പന്തില്‍ 140 റണ്‍സാണ് രോഹിത് നേടിയത്. ഇനി പച്ച ജേഴ്സി ധരിച്ചെത്തുന്ന ബംഗ്ലാദേശിനെ ഇന്ത്യക്ക് നേരിടാനുണ്ട്. വീണ്ടുമൊരിക്കല്‍ കൂടി ഹിറ്റ്മാന്‍ സെഞ്ചുറി നേടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

click me!