പരിക്കേറ്റു പുറത്തായിട്ടും ബൗളിങ് ആവറേജില്‍ ഇന്ത്യന്‍ താരം മുന്നില്‍

By Web TeamFirst Published Jul 10, 2019, 8:50 PM IST
Highlights

ഏറ്റവും കുറവ് റണ്‍സ് വിട്ടു കൊടുത്ത ബൗളര്‍മാരില്‍ വെസ്റ്റിന്‍ഡീസിന്റെ കെമാര്‍ റോച്ചാണ് മുന്നിലുള്ളത്. അദ്ദേഹത്തിന്റെ 3.66 ഈ ലോകകപ്പിലെ മികച്ച പ്രകടനമാണ്.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് ആവറേജ് ഇന്ത്യന്‍ താരം വിജയ് ശങ്കറിന്റേത്. പരുക്കേറ്റു ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ താരത്തിന്റെ ബൗളിങ് ശരാശരി 11 ആണ്. തൊട്ടു പിന്നാലെ മറ്റൊരു ഇന്ത്യന്‍ താരം സെമിയില്‍ കളിക്കാന്‍ ഇടം നേടാതെ പോയ മുഹമ്മദ് ഷമിയാണ്. ഷമിയുടെ ആവറേജ് 13.87 ആണ്. മൂന്നാം സ്ഥാനത്തുള്ളത് പാക്കിസ്ഥാന്റെ ഷഹീന്‍ അഫ്രീദിയും (14.62), നാലാമത് ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് (16.61). ന്യൂസിലന്‍ഡിന്റെ ജയിംസ് നീഷാമാണ് പട്ടികയില്‍ 18.18 ബൗളിങ് ആവറേജുമായി അഞ്ചാം സ്ഥാനത്ത്.

മികച്ച ബൗളിങ് പ്രകടനത്തിന്റെ പട്ടികയിലും നീഷാം അഞ്ചാം സ്ഥാനത്തുണ്ട്. 31 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് പ്രകടനം നടത്തിയാണ് നീഷാമിന്റെ ടൂര്‍ണമെന്റിലെ മികച്ച പ്രകടനം. 35 റണ്‍സ് നല്‍കി ആറു വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രിദിയാണ് പട്ടികയില്‍ മുന്നില്‍. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് (5/26), ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ (5/29), പാക്കിസ്ഥാന്റെ മുഹമ്മദ് അമിര്‍ (5/30) എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ നാലാം സ്ഥാനത്തുള്ളവര്‍. ഇതില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടയില്‍ 26 വിക്കറ്റുമായി മുന്നില്‍. രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടം ആവര്‍ത്തിച്ച മിച്ചലിനു തൊട്ടു പിന്നിലായി ഇതേ നേട്ടം കൈവരിച്ചത് ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍ മാത്രമാണ്.

ഏറ്റവും കുറവ് റണ്‍സ് വിട്ടു കൊടുത്ത ബൗളര്‍മാരില്‍ വെസ്റ്റിന്‍ഡീസിന്റെ കെമാര്‍ റോച്ചാണ് മുന്നിലുള്ളത്. അദ്ദേഹത്തിന്റെ 3.66 ഈ ലോകകപ്പിലെ മികച്ച പ്രകടനമാണ്. നാലില്‍ താഴെ റണ്‍സ് ഒരോവറില്‍ വിട്ടു കൊടുത്ത മറ്റൊരു താരവും ഇല്ല. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ രവീന്ദ്ര ജഡേജയുണ്ട്. നാലു റണ്‍സാണ് ജഡേജയുടെ ഇക്കോണമി റേറ്റ്. ഏറ്റവും രസകരം ഈ പട്ടികയുടെ അഞ്ചാം സ്ഥാനത്തും ഇന്ത്യയുടെ വിജയ് ശങ്കര്‍ ഉണ്ടെന്നതാണ്. 4.12 ആണ് വിജയ് ശങ്കറിന്റെ ഇക്കോണമി റേറ്റ്.

മൂന്നു മത്സരങ്ങള്‍ മാത്രം കളിച്ച വിജയ് പന്തെറിഞ്ഞതാവട്ടെ ഒരേയൊരു മത്സരത്തിലും. മാഞ്ചസ്റ്ററില്‍ പാക്കിസ്ഥാനെതിരേ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ അദ്ദേഹത്തിനു വിക്കറ്റും ലഭിച്ചു. 5.2 ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്തു രണ്ടു വിക്കറ്റും വീഴ്ത്തി. എന്നാല്‍, സതാംപ്ടണില്‍ അഫ്ഗാനിസ്ഥാനെതിരേയും മാഞ്ചസ്റ്ററില്‍ വെസ്റ്റിന്‍ഡീസിനെതിരേയും വിജയ് ശങ്കറിനു പന്തെറിയാനുള്ള അവസരം ലഭിച്ചതുമില്ല. പാക്കിസ്ഥാനെതിരേയുള്ള മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് പരുക്കേറ്റ് പിന്‍മാറേണ്ടി വന്നതു കൊണ്ടാണ് വിജയ് ശങ്കറിനു ബൗള്‍ ചെയ്യാനായത്.

click me!