മികച്ച ക്യാച്ചിനുള്ള പുരസ്കാരം ആര് കൈപ്പിടിയിലൊതുക്കും; ഇതാ ലോകപ്പിലെ ഏറ്റവും മികച്ച ക്യാച്ചുകള്‍

By Web TeamFirst Published Jul 8, 2019, 9:05 PM IST
Highlights

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ആന്‍ഡൈല്‍ ഫെലുക്വായോയെ പുറത്താക്കാനായി  ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് എടുത്ത ക്യാച്ച് തന്നെയാണ് ഇതുവരെയുള്ള ക്യാച്ചുകളില്‍ ഏറ്റവും മുന്നില്‍.

മാഞ്ചസ്റ്റര്‍: ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ ആരാധകരെ അമ്പരപ്പിച്ച ഒരുപിടി ക്യാച്ചുകളും കളിക്കാരുമുണ്ട്. ബെന്‍ സ്റ്റോക്സിന്റെ സൂപ്പര്‍മാന്‍ ക്യാച്ച് മുതല്‍ രവീന്ദ്ര ജഡേജയുടെ പറക്കും ക്യാച്ച് വരെ. ഈ ലോകകപ്പില്‍ ആരാകും മികച്ച ക്യാച്ചിനുള്ള പുരസ്കാരം കൈപ്പിടിയിലൊതുക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ആന്‍ഡൈല്‍ ഫെലുക്വായോയെ പുറത്താക്കാനായി  ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് എടുത്ത ക്യാച്ച് തന്നെയാണ് ഇതുവരെയുള്ള ക്യാച്ചുകളില്‍ ഏറ്റവും മുന്നില്‍. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സ് എടുത്ത ക്യാച്ചാണ് ലോകകപ്പിലെ മികച്ച ക്യാച്ചുകളുടെ പട്ടികയില്‍ ഇടം നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വന്റണ്‍ ഡീകോക്ക് പറന്നെടുത്ത ക്യാച്ചും ആരാധകരെ ശരിക്കും അമ്പരപ്പിച്ചു. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലായിരുന്നു ഇത്.

ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിനെ ബൗണ്ടറിയില്‍ പറന്നു പിടിച്ച വെസ്റ്റ് ഇന്‍ഡീസിന്റെ ഷെല്‍ഡ്രന്‍ കോട്രലിന്റെ ക്യാച്ചാണ് അടുത്തതായി വരുന്നത്. വിക്കറ്റെടുത്താല്‍ സല്യൂട് അടിക്കുന്ന കോട്രല്‍ ക്യാച്ചെടുത്തും താരമായി. പാക്കിസ്ഥാനെതിരെ ഇമ്രാന്‍ താഹിറെടുത്ത ക്യാച്ചും ആരാധകരെ വിസ്മയിപ്പിക്കുന്നതായിരുന്നു. ക്യാച്ചെടുത്തശേഷം ബൗണ്ടറിവരെയുള്ള താഹിറിന്റെ ഓട്ടവും ആരാധകരെ ശരിക്കും രസിപ്പിച്ചു.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ റോസ് ടെയ്‌ലറെ പുറത്താക്കാന്‍ പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് എടുത്ത ക്യാച്ചാണ് ആരാധകര്‍ ഓര്‍ത്തിരിക്കുന്ന മറ്റൊരു മികച്ച ക്യാച്ച്. ഷഹീന്‍ അഫ്രീദിക്കായിരുന്നു വിക്കറ്റ്. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ പറന്നെടുത്ത ക്യാച്ചും ആരാധകരെ ശരിക്കും ഞെട്ടിച്ചു. ന്യൂസിലന്‍ഡിനെതിരെ അതിനേക്കാള്‍ മികച്ചൊരു ക്യാച്ചെടുത്ത് സ്റ്റീവ് സ്മിത്ത് അതിന് മറുപടി നല്‍കി.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ ജേസണ്‍ റോയിയെ പുറത്താക്കാന്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ എടുത്ത ക്യാച്ചും ഏറെക്കാലം ആരാധകരുടെ മനസില്‍ മായാതെ നില്‍ക്കും. അഫ്ഗാനെതിരായ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡിസിന്റെ ഫാബിയന്‍ അലനാണ് ഈ ലോകകപ്പില്‍ മറ്റൊരു അസാധ്യ ക്യാച്ചെടുത്തത്.

click me!