ലോകകപ്പില്‍ ഇന്ന് രണ്ടാം സെമി; ഫൈനല്‍ ലക്ഷ്യമിട്ട് ഓസ്ട്രേലിയയും ഇംഗ്ലണ്ടും

By Web TeamFirst Published Jul 11, 2019, 11:55 AM IST
Highlights

1992 ന് ശേഷം ലോകകപ്പ് ഫൈനല്‍ കളിക്കാനുള്ള അവസരം തേടിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ആറാം ലോകകിരീടത്തിലേക്കുള്ള ദൂരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഓസീസും എത്തുമ്പോള്‍ പോരാട്ടങ്ങളുടെ പോരാട്ടമാകും എഡ്ജ്ബാസ്റ്റണിൽ നടക്കുക

ലണ്ടന്‍: ലോകകപ്പിന്‍റെ രണ്ടാം സെമിയിൽ ഇന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിലെ വിജയികളാകും ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്‍റെ എതിരാളികള്‍. എഡ്ജ്ബാസ്റ്റണിൽ വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക. 1992 ന് ശേഷം ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ അവസരം തേടിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ആറാം ലോകകിരീടത്തിലേക്കുള്ള ദുരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഓസീസും എത്തുമ്പോള്‍ പോരാട്ടങ്ങളുടെ പോരാട്ടമാകും എഡ്ജ്ബാസ്റ്റണിൽ നടക്കുക.

1992ന് ശേഷം ലോകകപ്പില്‍ ഓസ്ട്രേലിയയെ തോൽപ്പിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. എന്നാൽ 2001ന് ശേഷം എഡ്ജ്ബാസ്റ്റണിൽ ജയിച്ചിട്ടില്ലെന്നതാണ് ഓസ്ട്രേലിയയുടെ ചരിത്രം. ഉസ്മാന്‍ ഖവാജയ്ക്ക് പരിക്കേറ്റതോടെ പീറ്റര്‍ ഹാന്‍ഡ്സ്കോംബിന് ഓസീസ് ഇന്ന് ലോകകപ്പ് അരങ്ങേറ്റം നൽകും. വിക്കറ്റുവേട്ടയിൽ മുന്നിലുള്ള മിച്ചൽ സ്റ്റാര്‍ക്കും, റൺദാഹത്തോടെ ക്രീസിലെത്തുന്ന വാര്‍ണര്‍-ഫിഞ്ച് ഓപ്പണിംഗ് സഖ്യവും ചേരുമ്പോള്‍ ഓസീസ് ഭദ്രം. 

ഗ്രൂപ്പ് ഘട്ടത്തിൽ ഓസീസിനോട് തോറ്റ ഇംഗ്ലണ്ട് അവസാന ദിനങ്ങളില്‍ മികവിലേക്ക് തിരിച്ചുവന്നു. ടീമില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് മോര്‍ഗന്‍. ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നടന്നതിന് വ്യത്യസ്തമായ പിച്ചിലാണ് സെമി പോരാട്ടം എന്നതുകൊണ്ട് ചെറിയ ബൗണ്ടറിയെന്ന പഴി ഇന്നുയര്‍ന്നേക്കില്ല. 

click me!