സെമി സാധ്യത തുലാസില്‍; ഇനി ലങ്കയുടെ ഭാവി ഈ ടീമുകളെ ആശ്രയിച്ച്

By Web TeamFirst Published Jun 29, 2019, 11:31 AM IST
Highlights

 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യയെ അട്ടിമറിച്ചിട്ടുണ്ടെങ്കിലും  നിലവിലെ ഫോമിൽ ലങ്കയ്ക്ക് രണ്ടു കളിയിലും ജയം ശ്രമകരമാകും.

ലണ്ടന്‍: ഭാഗ്യജേഴ്സിയിൽ ഇറങ്ങിയിട്ടും ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്കയുടെ സെമിസാധ്യത തുലാസിലായി. അവസാന 2 കളി ജയിച്ചാലും മറ്റ് ടീമുകളുടെ  മത്സരഫലം കൂടി ആശ്രയിച്ചാകും ലങ്കയുടെ ഭാവി. 7 കളിയിൽ നിന്നും ശ്രീലങ്കയുടെ സമ്പാദ്യം  6 പോയന്‍റ് മാത്രമാണ്. നിലവില്‍ ഏഴാം  സ്ഥാനത്താണ് ടീം. ഇനി നേരിടാനുള്ളത് അടുത്ത മാസം ഒന്നിന് വെസ്റ്റ് ഇന്‍ഡീസിനെയും ആറിന് ഇന്ത്യയെയും.

2017ലെ ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യയെ അട്ടിമറിച്ചിട്ടുണ്ടെങ്കിലും നിലവിലെ ഫോമിൽ ലങ്കയ്ക്ക് രണ്ടു കളിയിലും ജയം ശ്രമകരമാകും.ഇനിയുള്ള രണ്ട് കളിയും ജയിച്ച് 10 പോയന്‍റിലെത്തിയാല്‍ മാത്രം പോരാ ലങ്കയ്ക്ക്. ഇപ്പോള്‍ 8 പോയന്‍റുള്ള ഇംഗ്ലണ്ട് ഇനി ജയിക്കരുത്. ഒപ്പം പാകിസ്ഥാനും ബംഗ്ലാദേശും അവസാന 2 മത്സരങ്ങളില്‍ ഒന്നിലെങ്കിലും തോൽക്കുകയും വേണം.

അതായത് ലോകകപ്പിലെ ഭാവി സ്വന്തം കൈകളില്‍ മാത്രമല്ലെന്ന് വ്യക്തം. മഴ കാരണം 2 പോയന്‍റ് കിട്ടിയ ലങ്കയ്ക്ക് മറ്റു ടീമുകളെ അപേക്ഷിച്ച് ജയങ്ങള്‍ കുറവാണ്. ഒന്നിലധികം ടീമുകള്‍ക്ക് ഒരേ പോയന്‍റ് വന്നാൽ കൂടുതൽ ജയം ആര്‍ക്കെന്നതാകും ആദ്യം പരിഗണിക്കുക. 

ഇത് ലങ്കയ്ക്ക് തിരിച്ചടിയായേക്കും. അതോടൊപ്പം  മോശം നെറ്റ് റൺറേറ്റും ലങ്കയ്ക്ക് ആശങ്കയാകും. നിലവിലെ സാഹചര്യത്തിൽ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പം അടുത്ത മാസം അഞ്ചിലെ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് മത്സരത്തിലെ വിജയികളും സെമിയിലെത്താനാണ് സാധ്യത. 

click me!