അഫ്ഗാനെതിരെ ഋഷഭ് പന്ത് അരങ്ങേറുമോ ? ആരാധകര്‍ക്ക് ആകാംക്ഷ

By Web TeamFirst Published Jun 20, 2019, 12:10 PM IST
Highlights

അഫ്ഗാനെതിരെ വിജയ് ശങ്കറിനെ തന്നെ തുടര്‍ന്നും കളിപ്പിക്കണോ അതോ അഫ്ഗാനെപ്പോലൊരു ടീമിനെതിരെ ഫോമിലുള്ള ഋഷഭ് പന്തിനെ നാലാം നമ്പറില്‍ ഇറക്കി പരീക്ഷിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ.

സതാംപ്ടണ്‍: കാത്തിരിപ്പിനൊടുവില്‍ യുവതാരം ഋഷഭ് പന്ത് ലോകകപ്പ് ടീമിലെത്തിയിരിക്കുന്നു. വിരലിന് പരിക്കേറ്റ ശിഖര്‍ ധവാന്റെ പകരക്കാരനായാണ് ടീമിലെത്തിയത് എങ്കിലും ധവാനെ പോലെ ഇന്നിംഗ്സ് തുറക്കാനല്ല അടിച്ചുപൊളിച്ച് അവസാനിപ്പിക്കാനാണ് ഋഷഭ് പന്തിന്റെ വരവ്. ഋഷഭ് പന്ത് വരുമ്പോള്‍ നാലാം നമ്പറില്‍ ആരാവും ഇനിയുള്ള മത്സരങ്ങളില്‍ കളിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

പാക്കിസ്ഥാനെതിരെ വിജയ് ശങ്കറാണ് നാലാമനായി എത്തിയത്. അടിച്ചുതകര്‍ക്കേണ്ട അവസാന ഓവറുകളില്‍ ശങ്കര്‍ ഇഴഞ്ഞു നീങ്ങിയപ്പോള്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ആരാധകര്‍ നിദാഹാസ് ട്രോഫിയുടെ ഓര്‍മകളിലേക്ക് പോയി. അന്ന് ബംഗ്ലാദേശിനെതിരായ ഫൈനലില്‍ മുസ്തഫിസുര്‍ റഹ്മാന്റെ പന്തുകളുടെ ഗതിയറിയാതെ തുഴഞ്ഞ അതേ ശങ്കറല്ലേ ഇത് എന്നവര്‍ സംശയിച്ചു. എന്നാല്‍ ഭുവനേശ്വര്‍കുമാറിന്റെ പരിക്ക് ശങ്കറിന് വീണ്ടും അനുഗ്രഹമായി. ഭുവിയുടെ പകരക്കാരനായി പന്തെടുത്ത ശങ്കര്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്തു ക്യാപ്റ്റന്‍ വിരാട് കോലിയെപ്പോലും ഞെട്ടിച്ചു.

മത്സരത്തില്‍ രണ്ട് വിക്കറ്റെടുത്ത ശങ്കറിന്റെ ബൗളിംഗാണ് പാക്കിസ്ഥാനെതിരെ ഭുവിയുടെ കുറവ് നികത്തിയത്. ഈ സാഹചര്യത്തില്‍ അഫ്ഗാനെതിരെ വിജയ് ശങ്കറിനെ തന്നെ തുടര്‍ന്നും കളിപ്പിക്കണോ അതോ അഫ്ഗാനെപ്പോലൊരു ടീമിനെതിരെ ഫോമിലുള്ള ഋഷഭ് പന്തിനെ നാലാം നമ്പറില്‍ ഇറക്കി പരീക്ഷിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി നാലാം നമ്പറില്‍ ഇറങ്ങി മിന്നിത്തിളങ്ങിയ കളിക്കാരനാണ് ഋഷഭ് പന്ത്.

എന്നാല്‍ ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ തിളങ്ങിയ വിജയ് ശങ്കറിനെ ഒഴിവാക്കുന്നത് നീതികേടാണെന്ന വാദവും ഉയരുന്നുണ്ട്. അഫ്ഗാനെതിരെ ഋഷഭ് പന്തിന് അവസരം നല്‍കുകയും തിളങ്ങുകയും ചെയ്താല്‍ പിന്നീട് വിജയ് ശങ്കറിനു ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യത മങ്ങും. ടീമിലെ ഏക ഇടം കൈയന്‍ ബാറ്റ്സ്മാനാണ് ഋഷഭ് പന്ത് എന്നതും യുവതാരത്തിന് കൂടുതല്‍ സാധ്യത നല്‍കുന്നുണ്ട്.

click me!