കണക്കുകള്‍ കള്ളം പറയില്ല; കോലിയുടെ പ്രവചനം അച്ചട്ടായി

By Web TeamFirst Published Jun 28, 2019, 1:30 PM IST
Highlights

ലോകകപ്പിന് മുമ്പ് ക്യാപ്റ്റന്‍മാരുടെ കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് ഇതേ ചോദ്യം ഉയര്‍ന്നപ്പോള്‍ കോലി പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്.

മാഞ്ചസ്റ്റര്‍: ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഉയര്‍ന്ന പ്രധാന ചോദ്യം ഈ ലോകകപ്പില്‍ ഏത് ടീമാകും ആദ്യം 500 റണ്‍സടിക്കുക എന്നതായിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ബാറ്റിംഗിന് തീര്‍ത്തും അനുകൂലമാണെന്നും ഈ ലോകകപ്പില്‍ തന്നെ ഏകദിന ചരിത്രത്തില്‍ ആദ്യമായി 500 റണ്‍സ് പിറക്കുന്ന മത്സരം കാണാനാകുമെന്നും പ്രവചനമുണ്ടായി. കൂറ്റനടിക്കാര്‍ നിരവധിയുള്ള ഇംഗ്ലണ്ടാവും അത് നേടുക എന്നുവരെ പറഞ്ഞ കളി വിദഗ്ധരുണ്ട്.

എന്നാല്‍ ലോകകപ്പിന് മുമ്പ് ക്യാപ്റ്റന്‍മാരുടെ കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് ഇതേ ചോദ്യം ഉയര്‍ന്നപ്പോള്‍ കോലി പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. ഈ ലോകകപ്പില്‍ ഉയര്‍ന്ന സ്കോര്‍ പിറക്കുന്ന നിരവധി മത്സരങ്ങളുണ്ടാകാമെന്നു പറഞ്ഞ കോലി പക്ഷെ ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയാകുമ്പോഴേക്കും 250 റണ്‍സ് പോലും ടീമുകള്‍ക്ക് പ്രതിരോധിക്കാനാവുമെന്നും വ്യക്തമാക്കിയിരുന്നു. ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും 260-270 റണ്‍സ് പോലും പിന്തുടര്‍ന്ന് ജയിക്കാന്‍ ടീമുകള്‍ പാടുപെടുമെന്നും കോലി വ്യക്തമാക്കിയിരുന്നു.

കോലിയുടെ നിരീക്ഷണം കൃത്യമാണെന്നാണ് ഇപ്പോള്‍‍ വരുന്ന ഓരോ മത്സരഫലങ്ങളും തെളിയിക്കുന്നത്. ടൂര്‍ണമെന്റിലെ ഏഴാം മത്സരത്തില്‍ തന്നെ അഫ്ഗാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 201 റണ്‍സ് മാത്രം നേടിയിട്ടും ശ്രീലങ്ക ജയിച്ചു. അഫ്ഗാന്റെ ബാറ്റിംഗ് പോരായ്മയാണ് അതെന്ന് വിലയിരുത്തിയവര്‍ക്ക് തെറ്റി. രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശ് ഉയര്‍ത്തിയ 245 റണ്‍സിന്റെ വിജയലക്ഷ്യം കരുത്തരായ ന്യൂസിലന്‍ഡ് മറികടന്നത് കഷ്ടിച്ചാണ്. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ 232 റണ്‍സ് ശ്രീലങ്ക ഫലപ്രദമായി പ്രതിരോധിക്കുന്നതും ക്രിക്കറ്റ് ലോകം കണ്ടു.

ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ ബാറ്റിംഗ് നിരയുണ്ടായിട്ടുപോലും ഇംഗ്ലണ്ടിന് 233 റണ്‍സ് അടിച്ചെടുക്കാനായില്ലെന്നത് അവിശ്വസനീയതായി. തൊട്ടുപിന്നാലെ അഫ്ഗാനെതിരെ 225 റണ്‍സ് ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചു. അഫ്ഗാനെതിരെ ബംഗ്ലാദേശ് 262 റണ്‍സ് നേടിയിട്ടുും ജയിച്ചു കയറുന്നതും ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 286 റണ്‍സ് ഫലപ്രദമായി പ്രതിരോധിക്കുന്നതും വെസ്റ്റ് ഇന്‍ഡീസിനെതിരെ 268 റണ്‍സ് മാത്രം നേടിയിട്ടും ഇന്ത്യ കൂറ്റന്‍ ജയം നേടുന്നതും പിന്നാലെ കണ്ടു.

ഈ ലോകകപ്പില്‍ ഇതുവരെ 300ല്‍ താഴെയുള്ള ടോട്ടലുകള്‍ എട്ടു തവണയാണ് ടീമുകള്‍ ഫലപ്രദമായി പ്രതിരോധിച്ച് ജയിച്ചത്. 250-270 റണ്‍സ് പോലും വിജയിക്കാനുള്ള സ്കോറാവുമെന്ന് കോലി പറയാനുള്ള മറ്റൊരു കാരണം ഇത് ലോകകപ്പാണെന്നും അതിന്റെ സമ്മര്‍ദ്ദം ടീമുകള്‍ക്ക് മുകളിലുണ്ടാവുമെന്നതും കൊണ്ട് കൂടിയായിരുന്നു. കോലിയുടെ നിരീക്ഷണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന ഫലങ്ങളാണ് ഇപ്പോള്‍ ലോകകപ്പില്‍ ഉണ്ടാവുന്നത്.

click me!