ലോകകപ്പിലെ പതിനൊന്നാമന്‍, ഇത്തവണത്തെ രണ്ടാമന്‍; ഇമാം ഉള്‍ ഹഖിന്‍റേത് വലിയ പിഴവ്

By Ajish ChandranFirst Published Jul 5, 2019, 9:12 PM IST
Highlights

ലോകകപ്പില്‍ ഹിറ്റ് വിക്കറ്റാവുന്ന രണ്ടാമത്തെ പാക്കിസ്ഥാന്‍ താരമായി ഇതോടെ ഇമാം.


ലണ്ടന്‍: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേട്ടത്തിനു തൊട്ടുപിന്നാലെ പാക്കിസ്ഥാന്‍ താരം ഇമാം ഉള്‍ ഹഖ് ഹിറ്റ് വിക്കറ്റായി. ലോകകപ്പില്‍ ഹിറ്റ് വിക്കറ്റാവുന്ന രണ്ടാമത്തെ പാക്കിസ്ഥാന്‍ താരമായി ഇതോടെ ഇമാം. മുന്‍പ് മിസ്ബാ ഉള്‍ ഹഖാണ് ഇത്തരത്തില്‍ പുറത്തായ പാക്കിസ്ഥാന്‍ താരം. അത് കഴിഞ്ഞ ലോകകപ്പില്‍ അഡ്‌ലെയ്ഡില്‍ അയര്‍ലന്‍ഡിനെതിരേയായിരുന്നു. അന്ന് 39 റണ്‍സ് എടുത്തു മികച്ച രീതിയില്‍ കളിക്കുകയായിരുന്ന മിസ്ബാ. 

ലോകകപ്പില്‍ ഇതുവരെ 11 പേര്‍ ഹിറ്റ് വിക്കറ്റില്‍ പുറത്തായി. കഴിഞ്ഞ ലോകകപ്പില്‍ മിസ്ബായ്‌ക്കൊപ്പം സിംബാബ്‌വേയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റഗീസ് ചകബാവെയും ഇങ്ങനെ പുറത്തായിരുന്നു. യുഎഇയ്‌ക്കെതിരേ മത്സരിക്കുമ്പോഴായിരുന്നു ഇത്. 1996 ലോകകപ്പിലും ഇങ്ങനെ രണ്ടു പേര്‍ പുറത്തായി. ദക്ഷിണാഫ്രിക്കയുടെ ഗ്യാരി കിര്‍സ്റ്റണും കെനിയയുടെ മൗറിഷ്യ ഒഡുംബെയും.

ഈ ലോകകപ്പില്‍ ഹിറ്റ് വിക്കറ്റിലൂടെ പുറത്താകുന്ന രണ്ടാമത്തെ താരമാണ് ഇമാം. നേരത്തെ, ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ഇത്തരത്തില്‍ പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബര്‍മിങ്ഹാമിലായിരുന്നു അദ്ദേഹത്തിന്റെ പുറത്താകല്‍. ഇന്ത്യന്‍ താരങ്ങളൊന്നും തന്നെ ലോകകപ്പില്‍ ഇങ്ങനെ നാണംകെട്ടു പുറത്തായിട്ടില്ല. ലോകകപ്പില്‍ ഇത്തരത്തില്‍ ആദ്യം പുറത്താവുന്നത് വെസ്റ്റിന്‍ഡീസിന്റെ റോയി ഫെഡറിക്‌സാണ്. ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിയക്കെതിരേ 1975-ലായിരുന്നു ഇത്.

click me!