കഴിഞ്ഞത് മറക്കാം; ഇനി ഇന്ത്യന്‍ ടീമിന് മുന്നിലുള്ളത് വലിയ കടമ്പ

By Web TeamFirst Published Jul 13, 2019, 6:28 PM IST
Highlights

15 മാസം മാത്രമാണ് ഇനി ട്വന്‍റി 20 ലോകകപ്പിന് ബാക്കിയുള്ളത്. അതിനുള്ളില്‍ പിഴവുകള്‍ എല്ലാം പരിഹരിച്ച് ഊര്‍ജം വീണ്ടെടുത്ത് ഇന്ത്യക്ക് ഒരുങ്ങണം. സിലക്ടര്‍മാര്‍ക്കാണ് ഏറെ ജോലിയുള്ളത്. പല താരങ്ങള്‍ക്കും പകരം ആളെ കണ്ടെത്തുക എന്ന വലിയ ദൗത്യമാണ് അവര്‍ക്ക് മുന്നിലുള്ളത്

മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായി. ലോകകപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ ഒരു തോല്‍വി മാത്രം ഏറ്റുവാങ്ങി സെമിയിലെത്തിയ ഇന്ത്യന്‍ ടീമിന്‍റെ തോല്‍വി അപ്രതീക്ഷിതമായിരുന്നു.

എന്നാല്‍, ഇനി അതും പറഞ്ഞ് സങ്കടപ്പെട്ട് സമയം കളയാന്‍ ടീമിനും ബിസിസിഐക്കും സമയമില്ല. അതിവേഗം വീണ്ടും മറ്റൊരു വിശ്വ പോരാട്ടത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ടിയിരിക്കുന്നു. 15 മാസം മാത്രമാണ് ഇനി ട്വന്‍റി 20 ലോകകപ്പിന് ബാക്കിയുള്ളത്. അതിനുള്ളില്‍ പിഴവുകള്‍ എല്ലാം പരിഹരിച്ച് ഊര്‍ജം വീണ്ടെടുത്ത് ഇന്ത്യക്ക് ഒരുങ്ങണം.

സിലക്ടര്‍മാര്‍ക്കാണ് ഏറെ ജോലിയുള്ളത്. പല താരങ്ങള്‍ക്കും പകരം ആളെ കണ്ടെത്തുക എന്ന വലിയ ദൗത്യമാണ് അവര്‍ക്ക് മുന്നിലുള്ളത്. അടുത്ത വർഷം ഒക്ടോബറിലാണ് ഓസ്ട്രേലിയയിൽ ട്വന്‍റി 20 ലോകകപ്പ് നടക്കുക. ഇപ്പോള്‍ ടീമിലുള്ള എത്ര താരങ്ങള്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ടീമിലുണ്ടാകും എന്നാണ് ആകാംക്ഷയുണര്‍ത്തുന്ന കാര്യം.

വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ് എന്നിങ്ങനെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് പകരം താരങ്ങള്‍ വന്നേക്കും. പേസ് ബൗളിംഗ് വിഭാഗം മികവ് കാണിച്ചപ്പോള്‍ സ്പിന്നര്‍മാരില്‍ നിന്ന് വിചാരിച്ച മികവ് ഉണ്ടായില്ല ഇംഗ്ലീഷ് സാഹചര്യങ്ങളെ പഴി പറയാമെങ്കിലും ട്വന്‍റി 20 ലോകകപ്പ് ഓസ്ട്രേലിയയില്‍ ആണെന്നുള്ളതും പരിഗണിക്കേണ്ടി വരും.

ലോകകപ്പിന് മുമ്പ് 14 മാസത്തിനുള്ളില്‍ 20 ട്വന്‍റി 20 പരമ്പരകളിലാണ് ഇന്ത്യ കളിക്കുക. അതില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും എല്ലാം ഉള്‍പ്പെടുന്നു. ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, മായങ്ക് അഗർവാൾ, സഞ്ജു സാംസണ്‍, നവ്‌ദീപ് സെയ്നി എന്നിങ്ങനെ ഒരുപാട് താരങ്ങള്‍ പുറത്ത് ഊഴവും കാത്തിരിപ്പുണ്ട്.

ഒരു ഐപിഎല്‍ സീസണ്‍ കൂടെ അതിന് മുമ്പ് വരികയും ചെയ്യും. അതിനാല്‍ പറ്റിയപ്പോയ പിഴവുകള്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് ഇന്ത്യ ഇപ്പോള്‍ തന്നെ ഒരുക്കങ്ങള്‍ തുടങ്ങണം. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ട്വന്‍റി 20 ലോകകപ്പ് നാട്ടിലെത്തിക്കാന്‍. 

click me!