കങ്കാരുക്കളെ കണ്ടാല്‍ തല്ലിയൊതുക്കും; സച്ചിന്‍റെ പിന്മുറക്കാരനായി കോലി

By Web TeamFirst Published Jun 9, 2019, 12:17 PM IST
Highlights

ക്രിക്കറ്റ് ചരിത്രത്തിൽ ഓസ്ട്രേലിയൻ ബൗളർമാരുടെ പേടി സ്വപ്നമായിരുന്നു സച്ചിൻ ടെൻഡുൽക്കർ. 1998ലെ ഷാർജാ കപ്പ് ഫൈനലൊക്കെ ഇന്ത്യൻ ആരാധകർക്ക് സച്ചിൻ സമ്മാനിച്ച മധുരസ്മരണകളാണ്. കാലങ്ങൾക്കിപ്പുറം ഇന്ത്യൻ ബാറ്റിംഗിന്‍റെ നാഥനിപ്പോൾ വിരാട് കോലിയാണ്

ലണ്ടന്‍: ക്ലാസിക് പോരാട്ടത്തില്‍ ഇന്ന് ഓസ്ട്രേലിയയെ നേരിടുമ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍ ആകെ വിരാട് കോലിയിലാണ്. സച്ചിന് ശേഷം ഓസ്ട്രേലിയയെ നിരന്തരം വിറപ്പിച്ച ഒരു ബാറ്റ്സ്മാനുണ്ടെങ്കിൽ അത് വിരാട് കോലിയാണ്. ലോകകപ്പിൽ സച്ചിന് നേടാൻ കഴിയാത്ത നേട്ടങ്ങളും കോലി ആരാധകർ സ്വപ്നം കാണുന്നണ്ട്.

ക്രിക്കറ്റ് ചരിത്രത്തിൽ ഓസ്ട്രേലിയൻ ബൗളർമാരുടെ പേടി സ്വപ്നമായിരുന്നു സച്ചിൻ ടെൻഡുൽക്കർ. 1998ലെ ഷാർജാ കപ്പ് ഫൈനലൊക്കെ ഇന്ത്യൻ ആരാധകർക്ക് സച്ചിൻ സമ്മാനിച്ച മധുരസ്മരണകളാണ്. കാലങ്ങൾക്കിപ്പുറം ഇന്ത്യൻ ബാറ്റിംഗിന്‍റെ നാഥനിപ്പോൾ വിരാട് കോലിയാണ്. സച്ചിൻ തെളിച്ച വഴിയേ അതിവേഗത്തിൽ കുതിക്കുകയാണ് താരം.

സച്ചിന്‍റെ റെക്കോർഡുകൾ പലതും തിരുത്തിക്കഴിഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിൽ പോലും റണ്ണൊഴുക്കുന്ന താരമാണ് കോലി. ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ കോഹ്ലിയുടെ ശരാശരി 53 റൺസിന് മുകളിലാണ്. 34 ഇന്നിംഗ്സുകളിൽ നിന്ന് എട്ട് സെഞ്ചുറിയടക്കം 1,645 റൺസ് നേടിയിട്ടുമുണ്ട്.

ഇതിൽ അഞ്ചും സെഞ്ചുറിയും ഓസ്ട്രേലിയയിൽ നേടിയതാണ്. റൺ പിന്തുടരുന്നതിലെ രാജകുമാരനെ ഓസ്ട്രേലിയ ഭയക്കുക സ്വാഭാവികം. ലോകകപ്പിലെ ഒന്നാം നന്പർ റൺ വേട്ടക്കാരനായിരുന്നു സച്ചിൻ. എന്നാൽ, സച്ചിന്‍റെ ടീം അറ് തവണ ഓസ്ട്രേലിയയെ നേരിട്ടപ്പോൾ ഒന്നിൽ മാത്രമായിരുന്നു ജയം.

അർധ സെഞ്ചുറി പ്രകടനം കണ്ടത് രണ്ട് തവണ മാത്രം. സച്ചിന് നിർത്തിയിടത്ത് നിന്നാണ് കോലി തുടങ്ങുന്നത്. ലോകകപ്പിലും സച്ചിൻ ബാക്കിയാക്കിയ കണക്കുകൾ കോലി തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

click me!