
മത്സരിച്ചാലും ഇല്ലെങ്കിലും ലോകപോരാട്ടത്തില്‍ സ്വന്തം രാജ്യം ജയിക്കണമെന്നായിരിക്കും ഏതൊരു കായികതാരത്തിന്റേയും പ്രാര്‍ത്ഥന. അപ്പോള്‍ രണ്ടു രാജ്യത്തിനു വേണ്ടി മത്സരിച്ചവരുടെ കാര്യമോ? അതെന്തുമാകട്ടേ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ രണ്ട് ടീമുകള്‍ക്ക് വേണ്ടി കളിച്ച താരങ്ങളുമുണ്ട്.
ആന്‍ഡേഴ്‍സണ്‍ കുമ്മിന്‍സും കെപ്‌ളര്‍ വെസല്‍സുമാണ് രണ്ടു രാജ്യത്തിനു വേണ്ടി ലോകകപ്പ് പോരാട്ടത്തില്‍ പങ്കെടുത്തത്. ആന്‍ഡേഴ്‍സണ്‍ കുമ്മിന്‍സ് വെസ്റ്റിന്‍ഡീസിനു വേണ്ടിയും കാനഡയ്‍ക്കു വേണ്ടിയുമാണ് മത്സരിച്ചത്. വെസ്റ്റിന്‍ഡീസിനു വേണ്ടി രാജ്യാന്തരമത്സരത്തില്‍ അരങ്ങേറിയ ആന്‍ഡേഴ്‍സണ്‍ കുമ്മിന്‍സ് 1992 ലോകകപ്പിലാണ് ആ രാജ്യത്തിനു വേണ്ടി മത്സരിച്ചത്. എന്നാല്‍ 2007ലോകകപ്പില്‍ ആന്‍ഡേഴ്‍സണ്‍ കുമ്മിന്‍സ് കാനഡയ്‍ക്കൊപ്പമായിരുന്നു.
വ്യത്യസ്‍ത രാജ്യങ്ങള്‍ക്കു വേണ്ടി രാജ്യാന്തര ഏകദിനമത്സരം കളിച്ച ആദ്യ താരമാണ് കെപ്‌ളര്‍ വെസല്‍സ്. വെസല്‍സ് 1983 ലോകകപ്പില്‍ ഓസ്‍ട്രേലിയക്കു വേണ്ടിയാണ് മത്സരിച്ചത്. 1992 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലായിരുന്നു വെസല്‍സ്.
ഇത്തവണത്തെ ലോകകപ്പ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ നയിക്കുന്ന ഇയാന്‍ മോര്‍ഗന്‍ രാജ്യാന്തര ഏകദിനക്രിക്കറ്റില്‍ ആദ്യം എത്തിയത് അയര്‍ലണ്ട് ടീമിലൂടെയായിരുന്നു. 2007 ലോകകപ്പിലും അയര്‍ലണ്ട് ടീമിലായിരുന്നു ഓയിന്‍ മോര്‍ഗന്‍. 2011 മുതലുള്ള ലോകകപ്പുകളില്‍ ഇംഗ്ലണ്ട് ടീമിലും.
സിംബാബ്‍വേയില്‍ ജനിച്ച ഗ്രേയിം ഹിക്ക് 1991-92, 1995-96, 1999 ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിലായിരുന്നു. 1983 ലോകകപ്പില്‍ സിംബാബ്‍വേ ടീമിലും. എന്നാല്‍ അത്തവണം ഗ്രേയിം ഹിക്കിനു ഒരു മത്സരത്തിലും പങ്കെടുക്കാനിയില്ല എന്നു മാത്രം.