
ബര്‍മിംഗ്‌ഹാം: ലോകകപ്പില്‍ മിന്നും ഫോം തുടരുന്ന ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്ക് റെക്കോര്‍ഡ്. ഏകദിനത്തില്‍ കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി ഹിറ്റ്‌മാന്‍. 228 സിക്‌സുകള്‍ നേടിയ എം എസ് ധോണിയെയാണ് രോഹിത് മറികടന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് രോഹിതിന്‍റെ നേട്ടം.
എന്നാല്‍ കൂടുതല്‍ ഏകദിന സിക്‌സുകള്‍ നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്താണ് രോഹിത് ശര്‍മ്മ. പാക്കിസ്ഥാന്‍റെ ഷാഹിദ് അഫ്രിദിയാണ് 351 സിക്‌സുകളുമായി ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും(326 സിക്‌സുകള്‍), മൂന്നാം സ്ഥാനത്ത് ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയുമാണ്(270 സിക്‌സുകള്‍).
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 90 പന്തില്‍ രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ ഹിറ്റ്‌മാന്‍റെ 26-ാം ശതകവും ഈ ലോകകപ്പിലെ നാലാം സെഞ്ചുറിയുമാണിത്. എന്നാല്‍ 92 പന്തില്‍ 104 റണ്‍സെടുത്ത രോഹിതിനെ പിന്നാലെ സൗമ്യ സര്‍ക്കാര്‍ പുറത്താക്കി. അഞ്ച് സിക്‌സുകള്‍ രോഹിതിന്‍റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.