
ലണ്ടന്‍: ലോകകപ്പില്‍ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുന്നത് രണ്ടാം തവണയാണ്. 2007ലെ ലോകകപ്പിൽ ആയിരുന്നു ആദ്യ അട്ടിമറി. അന്നത്തെ ടീമിലുണ്ടായിരുന്ന 4 പേര്‍ ഇപ്പോള്‍ ബംഗ്ലാദേശ് നിരയിലുണ്ട്.
ലോകകപ്പിൽ ഇന്ത്യക്ക് പുറത്തേക്കുള്ള വഴി കാട്ടി കൊലകൊല്ലിയായി മുന്നേറിയ ബംഗ്ലാദേശ്. ഗയാനയിലെ സൂപ്പർ എട്ട് പോരാട്ടം.ഗ്രേം സ്മിത്തും, കാലിസും, പൊള്ളോക്കും,ഗിബ്സുമെല്ലാം അടങ്ങിയ വമ്പൻ നിരയാണ് എതിരാളികൾ. ആദ്യ ബാറ്റിംഗ് ബംഗ്ലാദേശിന്. തമീം ഇക്ബാലും ജാവേദ് ഒമറും കരുതലോടെ തുടങ്ങി. മുഹമ്മദ് അഷ്റഫുൾ ഇന്നിംഗ്സ് കെട്ടിപ്പടുത്തു.
ഒരു വശത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോഴും അഷ്റഫുൾ ഉറച്ച് നിന്നു. അഞ്ചാം വിക്കറ്റിൽ അഫ്താബ് അഹമ്മദിനെ കൂട്ട് കിട്ടിയതോടെ സ്കോർ 150 കടത്തി. മൊർതാസ കൂടി പൊരുതിയതോടെ 251 ൽ എത്തി ബംഗ്ലാ കടുവകൾ. മറുപടിക്ക് ബാറ്റെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. 100 റൺസനിടെ ആറ് ബാറ്റ്സ്മാൻമാർ മടങ്ങി. ബൗച്ചറെയും കെന്‍പിനെയും പുറത്താക്കിയത് ഷാക്കിബ് അൽ ഹസനായിരുന്നു.
പ്രോട്ടീസ് 184 റൺസിന് പുറത്തായപ്പോൾ 56 റൺസുമായി ഗിബ്സ് ഒരു വശത്ത് നിസഹായനായി നിൽപ്പുണ്ടായിരുന്നു. പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം ദക്ഷിണാഫ്രിക്ക മറ്റൊരു നാണക്കേട് ഏറ്റു വാങ്ങുമ്പോൾ മറുവശത്ത് പടനായകരായി തമീം ഇക്ബാലും, ഷക്കീബ് അൽ ഹസനും, മുഷ്ഫിഖർ റഹീമും, മഷ്റഫെ മൊർതാസയും ഇപ്പോഴും ബംഗ്ലാ ടീമിലുണ്ട്.