ഫാദേഴ്‌സ് ഡേയില്‍ കോലിയുടെ ജേഴ്‌സി നമ്പറിനു പിന്നിലെ കഥ

By Web TeamFirst Published Jun 16, 2019, 7:08 PM IST
Highlights

വിരാടിന് പതിനെട്ടു വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛന്‍ രോഗബാധിതനാവുന്നത്. ബ്രെയിന്‍ സ്‌ട്രോക്ക് മൂലം 2006 ഡിസംബര്‍ 18-ന് അദ്ദേഹം മരിക്കുകയും ചെയ്തു.

ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ സംബന്ധിച്ചിടത്തോളം ഫാദേഴ്‌സ് ഡേ വലിയൊരു ഓര്‍മ്മയാണ്. അന്നേ ദിവസം അച്ഛനെ ഓര്‍മ്മിച്ചു കൊണ്ടു ഇന്ത്യന്‍ ജേഴ്‌സി ധരിക്കുകയെന്നതു പ്രത്യേകിച്ചും. കോലിയുടെ ഭാഗ്യനമ്പരായ 18 ആണ് അദ്ദേഹത്തിന്റെ ജേഴ്‌സി നമ്പര്‍. അതിനു പുറമേ ആ സംഖ്യയുമായി കോലിയും അച്ഛനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് താനും.

വിരാട് കോലിയുടെ പിതാവ് അറിയപ്പെടുന്ന ക്രിമിനല്‍ വക്കീലായ പ്രേം കോലിയുടെ വലിയ ആഗ്രഹമായിരുന്നു മകന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കണമെന്നത്. കോലി സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കു രാജ്കുമാര്‍ ശര്‍മയുടെ ക്രിക്കറ്റ് അക്കാദമിയില്‍ കൊച്ചു കോലിയെ കൊണ്ടു വിട്ടിരുന്നതും കൂട്ടിക്കൊണ്ടുവന്നിരുന്നതും അദ്ദേഹമായിരുന്നു.

വിരാടിന് പതിനെട്ടു വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛന്‍ രോഗബാധിതനാവുന്നത്. ബ്രെയിന്‍ സ്‌ട്രോക്ക് മൂലം 2006 ഡിസംബര്‍ 18-ന് അദ്ദേഹം മരിക്കുകയും ചെയ്തു. ആ സമയത്ത് ഡല്‍ഹിക്കു വേണ്ടി ബാറ്റ് ചെയ്യുകയായിരുന്നു കോലി. അന്നു പുറത്താകാതെ നിന്ന കോലി പിറ്റേന്നും ബാറ്റിംഗ് തുടര്‍ന്നു 90 റണ്‍സ് എടുത്തതിനു ശേഷമാണ് അച്ഛന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി പുറപ്പെട്ടത്.

ഇന്ത്യയുടെ അണ്ടര്‍-19 മത്സരങ്ങളില്‍ കളിക്കവേയാണ് കോലിക്കു 18 എന്ന ജേഴ്‌സി നമ്പര്‍ ലഭിക്കുന്നത്. പിന്നീട് അതൊരു പതിവാക്കി. 18 എന്ന ജേഴ്‌സി ധരിക്കുമ്പോള്‍ തനിക്ക് അനുഭവിക്കാന്‍ കഴിയുന്നത് അച്ഛന്റെ സാമീപ്യമാണെന്നു കോലി പറയുന്നു. ഫാദേഴ്‌സ് ഡേയില്‍ പതിനെട്ടാം നമ്പര്‍ ജേഴ്‌സി അണിഞ്ഞു കളിക്കാന്‍ കഴിയുകയെന്നതു പ്രത്യേകിച്ചും. മുപ്പതുകാരനായ കോലി ഇന്ത്യയ്ക്കു വേണ്ടി ഇതു 230-ാം തവണയാണ് ഈ ജേഴ്‌സി ധരിച്ചു കളിക്കുന്നതും.

click me!