
ഓവല്‍: ഐസിസി ടൂര്‍ണമെന്‍റുകളിലും ഓവലിലും പുറത്തെടുക്കുന്ന അതിശയിപ്പിക്കുന്ന മികവാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇന്നും പുറത്തെടുത്ത്. ഓസ്‌ട്രേലിയക്കെതിരെ 53 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച ധവാന്‍ 95 പന്തില്‍ നൂറിലെത്തി. ഓവലില്‍ കളിച്ച അഞ്ച് ഇന്നിംഗ്‌സുകളില്‍ ധവാന്‍റെ മൂന്നാമത്തെ സെഞ്ചുറിയാണിത്.
ഏകദിന കരിയറില്‍ ധവാന്‍റെ 17-ാം സെഞ്ചുറിയും ഐസിസി ടൂര്‍ണമെന്‍റുകളില്‍(ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി) ധവാന്‍റെ ആറാം ശതകവുമാണിത്. ഏഴെണ്ണം വീതം നേടിയ സച്ചിനും ഗാംഗുലിയുമാണ് ധവാന്‍റെ മുന്നിലുള്ളത്. പുറത്താകുമ്പോള്‍ 109 പന്തില്‍ 117 റണ്‍സ് ധവാന്‍റെ അക്കൗണ്ടിലുണ്ടായിരുന്നു. 37-ാം ഓവറില്‍ സ്റ്റാര്‍ക്കിനാണ് ധവാന്‍റെ വിക്കറ്റ്.
ധവാന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ വലിയ ആഹ്‌ളാദമാണ് ക്രിക്കറ്റ് ലോകം പങ്കുവെച്ചത്. ധവാനെ പ്രശംസിച്ച് മുന്‍ താരങ്ങളടക്കം രംഗത്തെത്തി. ധവാന്‍റെ സെഞ്ചുറി ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം 127 റണ്‍സ് കൂട്ടുകെട്ട് ധവാന്‍ പടുത്തുയര്‍ത്തിയിരുന്നു.