
ബിര്‍മിംഗ്ഹാം: ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ആവേശപ്പോരാട്ടത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഹിറ്റ്മാന്‍റെ സെഞ്ചുറിക്കും മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിനും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടി ജോണി ബെയര്‍സ്റ്റോ ബാറ്റ് കൊണ്ട് താരമായപ്പോള്‍ മൂന്ന് വിക്കറ്റെടുത്ത ലിയാം പ്ലങ്കറ്റിന്‍റെ പ്രകടനമാണ് നിര്‍ണായകമായത്. ഇന്ത്യക്ക് വേണ്ടി ഹിറ്റ്മാന്‍ രോഹിത് പൊരുതി സെഞ്ചുറി സ്വന്തമാക്കി. ഒപ്പം വിരാട് കോലി അര്‍ധശതകം നേടിയപ്പോള്‍ മറ്റുള്ളവരില്‍ ഹാര്‍ദിക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.
എന്നാല്‍ മത്സരത്തില്‍ ഒരു വമ്പന്‍ നേട്ടമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പേരില്‍ കുറിച്ചത്. ഇന്നലെ അമ്പത് റണ്‍സ് നേടിയതോടെ ഇംഗ്ലീഷ് മണ്ണില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായാണ് കോലി മാറിയത്. ഇന്ത്യയുടെ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെയാണ് കോലി മറികടന്നത്.
ഇന്നലത്തെ മത്സരത്തിന് മുമ്പ് ഇംഗ്ലണ്ടില്‍ കോലി 1189 റണ്‍സ് നേടിയിരുന്നു. ലോകകപ്പിലെ തുടര്‍ച്ചയായ അഞ്ചാം അര്‍ധ സെഞ്ചുറി കുറിച്ച പ്രകടനത്തിലൂടെ 1238 റണ്‍സ് സ്വന്തമാക്കിയിരുന്ന ദ്രാവിഡിന്‍റെ റെക്കോര്‍ഡ് ആണ് ഇന്ത്യന്‍ നായകന്‍ മാറ്റിയെഴുതിയത്.