
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ 'വെരി വെരി സ്‌പെഷ്യല്‍' ബാറ്റ‌്‌സ്മാനാണ് വിവിഎസ് ലക്ഷ്‌മണ്‍. ടെസ്റ്റ് കരിയറില്‍ ഓസ്‌ട്രേലിയ അടക്കമുള്ള വമ്പന്‍മാരെ കൈക്കുഴയുടെ അനായാസത കൊണ്ട് വിറപ്പിച്ചിട്ടുണ്ട് ലക്ഷ്‌മണ്‍. എന്നാല്‍ ബൗളര്‍മാരെ വെള്ളംകുടിപ്പിച്ചിരുന്ന ലക്ഷ്‌മണിനെ പ്രതിരോധത്തിലാക്കിയ ഒരു ബൗളറുണ്ട്.
'സുല്‍ത്താന്‍ ഓഫ് സ്വിങ്' എന്നറിയപ്പെടുന്ന പാക്കിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രമാണ് കരിയറില്‍ ലക്ഷ്‌മണെ കുഴക്കിയത്. വസീം അക്രവുമൊത്തുള്ള ഫോട്ടോ ട്വീറ്റ് ചെയ്താണ് മുന്‍ ഇന്ത്യന്‍ താരം ഇക്കാര്യം വ്യക്തമാക്കിയത്. 'സുല്‍ത്താന്‍ ഓഫ് സ്വിങിനെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷമാണ്. കരിയറില്‍ എന്നെ കൂടുതല്‍ ബുദ്ധിമുട്ടിച്ച ബൗളറാണയാള്‍'- ലക്ഷ്‌മണ്‍ കുറിച്ചു.
ഇന്ത്യക്കായി 134 ടെസ്റ്റുകള്‍ കളിച്ച ലക്ഷ്‌മണ്‍ 45.5 ശരാശരിയില്‍ 8781 റണ്‍സ് നേടിയിട്ടുണ്ട്. പതിനേഴ് സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 281. ഏകദിനത്തില്‍ 2338 റണ്‍സും ലക്ഷ്‌മണ്‍ നേടി. ഇതേസമയം 104 ടെസ്റ്റുകള്‍ കളിച്ച അക്രം 414 വിക്കറ്റും 2898 റണ്‍സും നേടി. 356 ഏകദിനങ്ങളില്‍ നിന്ന് 502 വിക്കറ്റും 3717 റണ്‍സും സ്വന്തമാക്കി.