
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ മികച്ച പ്രകടനം തുടരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് അപൂര്‍വ നേട്ടം. വെസ്റ്റ് ഇന്‍ഡീസിന് എതിരെയും അര്‍ദ്ധ സെഞ്ചുറി നേടിയതാണ് കോലിയെ സുപ്രധാന നേട്ടത്തിലെത്തിച്ചത്. ലോകകപ്പില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ 50+ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി കോലി.
നവ്‌ജോത് സിദ്ധു 1987 ലോകകപ്പിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 1996, 2003 ലോകകപ്പുകളിലും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 55 പന്തിലാണ് കിംഗ് കോലി അര്‍ദ്ധ സെഞ്ചുറി തികച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ 82, 77, 67 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോറുകള്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരെ 37 റണ്‍സ് നേടിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 20000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി-20യിലുമായി 417 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി ഇരുപതിനായിരം ക്ലബിലെത്തിയത്. സച്ചിനും ലാറയുമാണ് കോലിക്ക് പിന്നിലായത്.