ബുമ്ര 'വേറെ ലെവല്‍' ആകുന്നത് വെറുതെയല്ല; പിന്നില്‍ ചില രഹസ്യങ്ങള്‍!

By Web TeamFirst Published Jun 11, 2019, 10:09 PM IST
Highlights

നിങ്ങള്‍ക്കറിയോ, ബുമ്രയുടെ കരിയര്‍ മാറ്റിമറിച്ചത് പാക്കിസ്ഥാനെതിരായ ഒരു മത്സരമാണ്. കൈമുട്ടിലെ ശസ്ത്രക്രിയയും... 

ലണ്ടന്‍: ബുമ്ര ഫാന്‍സ് പോലും ഞെട്ടിപ്പോകും ഈ കണക്കു കേട്ടാല്‍. സത്യമാണത്, ഇന്ത്യന്‍ പേസ് കുന്തമുന ജസ്പ്രീത് ബുമ്രയുടെ കരിയറില്‍ ഈ നിര്‍ണായക മുന്നേറ്റമുണ്ടാക്കിയത് രണ്ടുവര്‍ഷം മുന്‍പ് നടന്ന ഒരു മത്സരമാണ്. ലണ്ടനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ്‌ട്രോഫി ഫൈനല്‍. എതിരാളികള്‍ പാക്കിസ്ഥാന്‍. അന്ന് ബുമ്രയുടെ ഒമ്പതോവറില്‍ മൂന്നു നോബോളുകള്‍ ഉണ്ടായിരുന്നു. അതിലൊന്ന് സെഞ്ചുറി നേടി കുതിച്ച പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമന്റെ വിക്കറ്റും ഉള്‍പ്പെട്ടിരുന്നു. നാലാം ഓവറിലായിരുന്നു അത്.

ആ പന്ത് അന്നു നോബോള്‍ ആയിരുന്നില്ലെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. അന്ന് 180 റണ്‍സിന്റെ വിജയം പാക്കിസ്ഥാന്‍ ആഘോഷിക്കുമ്പോള്‍ അഹമ്മദാബാദുകാരന്‍ ബുമ്ര മനസ്സിലൊന്നു കുറിച്ചു. ഇനിയൊരിക്കലും അത്തരമൊരു അബദ്ധത്തിലേക്ക് കാലെടുത്തു വയ്ക്കില്ലെന്ന്.

അതിനു ശേഷം രണ്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഈ രണ്ടു വര്‍ഷത്തിനിടെ ബുമ്ര എറിഞ്ഞത് 2446 പന്തുകള്‍. അതില്‍ നോബോളുകള്‍ ആയി മാറിയത് വെറും ആറേ ആറെണ്ണം!. 408 ഓവറുകള്‍ എറിഞ്ഞപ്പോഴാണിതെന്ന് ഓര്‍ക്കണം. ഈ കണിശതയും കൃത്യതയുമാണ് ബുമ്രയെ ലോകത്തിലെ നമ്പര്‍ വണ്‍ ഏകദിന ബൗളറാക്കി മാറ്റിയതും.

51 ഏകദിനങ്ങളില്‍ നിന്നും ഇതുവരെ 90 വിക്കറ്റുകള്‍ ബുമ്ര വീഴ്ത്തിക്കഴിഞ്ഞു. ലോകകപ്പിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിന്നായി അഞ്ച് ഇരകളാണ് ബുമ്രയുടെ സമ്പാദ്യം. ഓസീസിന്റെ മൂന്നും ദക്ഷിണാഫ്രിക്കയുടെ രണ്ടും. പവര്‍പ്ലേയില്‍ റണ്‍സ് വിട്ടു കൊടുക്കുന്ന പിശുക്കന്‍ എന്നാണ് എതിരാളികള്‍ക്കിടയില്‍ ബുമ്ര അറിയപ്പെടുന്നതെങ്കിലും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്ന പേരാണ് ബുമ്രയ്ക്ക് കൂടുതല്‍ ചേരുക.

ഇതുമാത്രമല്ല, ഇന്ത്യന്‍ ബൗളര്‍മാരില്‍ 2018 ജനുവരി മുതല്‍ 2019 മാര്‍ച്ച് വരെ എല്ലാത്തരം ഫോര്‍മാറ്റുകളിലും കൂടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പന്തെറിഞ്ഞതും ബുമ്ര തന്നെ. അദ്ദേഹം 38 മത്സരങ്ങള്‍ കളിച്ചു. (ലോകത്തിലെ മൂന്നാമത്തെ താരവും ബുമ്ര തന്നെ. 591.2 ഓവറുകള്‍ അദ്ദേഹം എറിഞ്ഞു. യഥാക്രമം നഥാന്‍ ലിയോണും കാഗിസോ റബാദയുമാണ് ആദ്യ ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍) ഇതില്‍ 105 ഓവറുകള്‍ മെയ്ഡന്‍ എറിഞ്ഞു. അതില്‍ തന്നെ മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടം ആഘോഷിക്കുകയും ചെയ്തു. 

ബുമ്ര എന്ന സ്‌പെഷ്യല്‍ ആക്ഷന്‍ ബൗളറിലാണ് ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നം ഇന്ന് പൂത്തുലഞ്ഞു നില്‍ക്കുന്നത്. ഓരോ മത്സരത്തില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ച ബുംമ്ര എറിയാനെത്തുമ്പോള്‍ ഏതൊരു ബാറ്റ്‌സ്മാനും അല്‍പ്പം കൂടുതലായി കരുതും. ഇതു തന്നെയാണ് ബുമ്ര ലക്ഷ്യമിടുന്നതും. ഇനിയങ്ങോട്ട് ഇന്ത്യന്‍ ബൗളിങ്ങില്‍ മാത്രമല്ല, ലോക ബൗളിങ്ങില്‍ തന്നെ ബുമ്ര യുഗമാണെങ്കില്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. കാരണം, ബുമ്ര അത്രയ്ക്ക് സപെഷ്യലിസ്റ്റാണ്.

ഇടതു കൈമുട്ടിന്റെ ലിഗ്മെന്റ് കൃത്രിമമായി ഘടിപ്പിച്ചു ടൈറ്റാനിയം സ്‌ക്രൂ ഇട്ട ഒരു താരത്തില്‍ നിന്നാണ് ഇതൊക്കെയെന്നോര്‍ക്കണം.

click me!