വെടിക്കെട്ടാഘോഷം; ടോപ്പ് സ്കോറര്‍മാരുടെ പട്ടികയില്‍ ഫിഞ്ച് ഒന്നാമത്

By Web TeamFirst Published Jun 16, 2019, 2:02 PM IST
Highlights

ഫിഞ്ചിനൊപ്പം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മിന്നിത്തിളങ്ങിയപ്പോള്‍ കങ്കാരുപ്പടയെ തളക്കാന്‍ കരുണരത്നയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല.

ലണ്ടന്‍: അവിചാരിതമായി ലഭിച്ച നായകപദവി അത് അയാള്‍ ആഘോഷിക്കുകയാണ്. അതിന് ഒപ്പം ബാറ്റിംഗിലും ഓസ്ട്രേലിയയുടെ ഫിഞ്ച് ഹിറ്റ് ആകെ ഹിറ്റായി. അതിന് മുന്നില്‍ ലസിത് മലിംഗയും കൂട്ടരും തകര്‍ന്നടിഞ്ഞു. 2007ലോകകപ്പ് ഫൈനല്‍ പോരാട്ടം വീണ്ടും ഓവലില്‍ അരങ്ങേറി. അന്ന് ഗില്ലിയുടെ വെടിക്കെട്ടായിരുന്നെങ്കില്‍ ഇന്നലെ അത് ഫിഞ്ചിന്‍റെ ഊഴമായിരുന്നു. 

ലോകകപ്പില്‍ ഓസീസ് പടയുടെ പോരാട്ട വീര്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍  ശ്രിലങ്കയ്ക്ക് കഴിഞ്ഞില്ല.  87 റണ്‍സിന് ലങ്കന്‍ പടയെ തോല്‍പിച്ച് ഓസ്ട്രേലിയ വലിയ വിജയം സ്വന്തമാക്കി, പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് സെഞ്ചുറിയുമായി മിന്നിത്തിളങ്ങി. 

ശ്രീലങ്കയ്ക്കെതിരെ ഓസീസ് പട  ഇന്നലെ കരുതിത്തന്നെയാണ് ഇറങ്ങിയത്. ഫിഞ്ചിനൊപ്പം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മിന്നിത്തിളങ്ങിയപ്പോള്‍ കങ്കാരുപ്പടയെ തളക്കാന്‍ കരുണരത്നയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് എടുത്തു. 59 പന്തില്‍ നിന്നും 73 റണ്‍സ് നേടി സ്മിത്ത് ഫിഞ്ചിന് പിന്തുണ നല്‍കി. എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക മികച്ച തുടക്കത്തിന് ശേഷം 45.5 ഓവറില്‍ 247 ന് എല്ലാവരും പുറത്തായി.  തുടക്കത്തിലും മധ്യനിരയിലും പുറത്തെടുത്ത ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയയെ വലിയ സ്കോറിലേക്ക് എത്തിച്ചത്.

അതില്‍ എടുത്തു പറയേണ്ടത് ആരോണ്‍ ഫിഞ്ചിന്‍റെ സെഞ്ചുറിയാണ്. 132 പന്തില്‍ നിന്നും 15 ബൗണ്ടറികളും അഞ്ച് സിക്സും സഹിതം 153 റണ്‍സാണ് ഫിഞ്ച് അടിച്ചെടുത്തത്. ഫിഞ്ചിന്‍റെ 14 മത്തെ ഏകദിന സെഞ്ചുറിയായിരുന്നു ഇന്നലത്തേത്. ഈ ലോകകപ്പിലെ താരത്തിന്‍റെ ആദ്യ സെഞ്ചുറിയും. ഇതോടെ ലോകകപ്പില്‍ ടോപ്പ് സ്കോറര്‍മാരുടെ പട്ടികയില്‍ ഫിഞ്ച് ഒന്നാമതെത്തി.  ഈ ലോകകപ്പില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെടുന്ന താരമായ ആരോണ്‍ ഫിഞ്ച് ലോകകപ്പിലെ താരമാകുമോയെന്ന് കണ്ടറിയാം. 

click me!