അഫ്ഗാന്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയിൽ വലിയ പങ്ക് ഇന്ത്യക്ക്; ചരിത്രം പരിശോധിക്കുമ്പോള്‍...

By Web TeamFirst Published Jun 22, 2019, 12:57 PM IST
Highlights

ടെസ്റ്റ് പദവി കിട്ടി 17 വര്‍ഷത്തിന് ശേഷം മാത്രം ബംഗ്ലാദേശിനെ ഇന്ത്യയിലേക്ക് പരമ്പരക്കായി ക്ഷണിച്ച ബിസിസിഐ അഫ്ഗാനെ ഒട്ടും തന്നെ കാത്തുനിര്‍ത്തിയില്ല

ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. നാലാം ജയം തേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കില്‍ ആദ്യ ജയം പ്രതീക്ഷിച്ചാണ് അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തിന് എത്തുന്നത്. കടുപ്പമേറിയ വെല്ലുവിളികള്‍ വിജയകരമായി അതിജീവിച്ചെത്തുന്ന ഇന്ത്യക്ക് അഫ്ഗാന്‍ ചെറിയ പോരാളിയാണ്. ലോകകപ്പില്‍ ഒന്ന് പോലും ജയിച്ചിട്ടില്ലെങ്കിലും അഫ്ഗാനിസ്ഥാനെ പൂര്‍ണമായി ഇന്ത്യ തള്ളിക്കളയില്ലെന്ന് ഉറപ്പാണ്. 

അഫ്ഗാന്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയിൽ ഏറ്റവും കൂടുതൽ പങ്ക് അവകാശപ്പെടാനാവുക ഇന്ത്യക്കാവും. അഫ്ഗാന്‍റെ ടെസ്റ്റ് അരങ്ങേറ്റവും ഇന്ത്യയിലായിരുന്നു.അരങ്ങേറ്റത്തിനായി ബംഗളുരുവിലേക്ക് വിളിക്കുന്നതിന് മുമ്പ് തന്നെ അഫ്ഗാന്‍ ക്രിക്കറ്റിനെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചത് ബിസിസിഐ ആണ്. സ്വന്തമായി മികച്ച ക്രിക്കറ്റ് മൈതാനം ഇല്ലാത്ത അഫ്ഗാന്‍ ടീം പരിശീലനം നടത്തിയിരുന്നത് ഗ്രേറ്റര്‍ നോയിഡയിലും ഡെറാഡൂണിലുമായിരുന്നു. 

അഫ്ഗാന്‍റെ മിന്നും താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയുമെല്ലാം ഐപിഎല്ലിലെ കോടിപതികള്‍. ടെസ്റ്റ് പദവി കിട്ടി 17 വര്‍ഷത്തിന് ശേഷം മാത്രം ബംഗ്ലാദേശിനെ ഇന്ത്യയിലേക്ക് പരമ്പരക്കായി ക്ഷണിച്ച ബിസിസിഐ അഫ്ഗാനെ ഒട്ടും തന്നെ കാത്തുനിര്‍ത്തിയില്ല എന്നതും ശ്രദ്ധേയമാണ്. 

അയൽക്കാരെ പരിശീലിപ്പിക്കാന്‍ ലാൽചന്ദ് രജ്പുത്തും മനോജ് പ്രഭാകറും തയ്യാറായി. ലോകകപ്പിൽ അഫ്ഗാന്‍ ടീമിന്‍റെ സ്പോൺസര്‍മാര്‍ അമൂല്‍ ആണ്. എന്നാൽ കളി തുടങ്ങിയാൽ സൗഹൃദമൊക്കെ അതിര്‍ത്തിവരയ്ക്കപ്പുറമാകും. ഇന്ന് സതാംപ്ടണില്‍ കോലിപ്പടയിൽ നിന്ന് അഫ്ഗാന്‍ ദയയൊട്ടും പ്രതീക്ഷിക്കേണ്ടതില്ല. 

click me!