ആരാധകര്‍ ചോദിക്കുന്നു; ആ കാത്തിരിപ്പിന് ഇന്ന് വിരാമമാകുമോ?

By Web TeamFirst Published Jun 27, 2019, 12:02 PM IST
Highlights

ലോക ഒന്നാം നമ്പര്‍ താരമായിട്ടും ബാറ്റിംഗ് റെക്കോർഡുകളെല്ലാം കീഴടക്കി മുന്നേറുന്നുണ്ടെങ്കിലും ലോകകപ്പില്‍ ഒന്നാം നമ്പര്‍ താരത്തിന് അനുയോജ്യമായ മിന്നും പ്രകടനമല്ല കോലി പുറത്തെടുക്കുന്നത്

ലണ്ടന്‍: ആ കാത്തിരിപ്പിന് ഇന്ന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആരാധകര്‍. റെക്കോര്‍ഡുകള്‍ തകര്‍ത്തും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചും മുന്നേറുന്ന താരം ഈ ലോകകപ്പില്‍ ഇതുവരേയും സെഞ്ചുറിയടിച്ചിട്ടില്ലെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. ലോക ഒന്നാം നമ്പര്‍ താരമായിട്ടും ബാറ്റിംഗ് റെക്കോർഡുകളെല്ലാം കീഴടക്കി മുന്നേറുന്നുണ്ടെങ്കിലും ലോകകപ്പില്‍ ഒന്നാം നമ്പര്‍ താരത്തിന് അനുയോജ്യമായ മിന്നും പ്രകടനമല്ല കോലി പുറത്തെടുക്കുന്നത്.

ലോകകപ്പില്‍ ഇതുവരെയും സെഞ്ചുറി നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ അതേ സമയം മറുവശത്ത് കോലിയുടെ പ്രധാന എതിരാളികളായ ജോ റൂട്ടും കെയ്ൻ വില്യംസണുമെല്ലാം ബാറ്റിംഗില്‍ വെടിക്കെട്ട് തീര്‍ക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ തന്നെ അർദ്ധ സെഞ്ചുറി നേടിയ റൂട്ട് രണ്ടാം മത്സരത്തിൽ സെഞ്ചുറിയും നേടി.

വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് വിക്കറ്റും സെഞ്ചുറിയും നേടിയാണ് ജോ റൂട്ട് വിജയം ആഘോഷിച്ചത്. ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണും ടൂർണമെന്‍റിൽ രണ്ട് തവണ നൂറ് കടന്നു. പല ലോകറെക്കോർഡുകളും കോലിയുടെ കൈയ്യില്‍ നിറയുകയാണെങ്കിലും ഈ ലോകകപ്പിൽ നിന്നും മൂന്ന് അർദ്ധ സെഞ്ചുറിയാണ് ഇന്ത്യൻ നായകന്‍റെ അക്കൗണ്ടിലുള്ളത്.

ലോകകപ്പിനിടെ ഏകദിനത്തിൽ ഏറ്റവും വേഗം 11,000 ക്ലബ്ബിലെത്തിയ കോലി ഇപ്പോൾ മറ്റൊരു റെക്കോർഡിന് അരികെയാണ്. ടെസ്റ്റിലും ഏകദിനത്തിലും ടി 20യിലുമായി ഇരുപതിനായിരം റൺസിലെത്താൻ ഇനി കോലിക്ക് വേണ്ടത് 37 റൺസ് മാത്രമാണ്. സച്ചിനും ലാറയും ഒന്നിച്ച് കൈവശം വച്ചിരിക്കുന്ന റെക്കോർഡാണ് കോലിക്ക് സ്വന്തമാവുക. 453 കളിയിലാണ് സച്ചിനും ലാറയും 20,000 ൽ എത്തിയത്. കോലിയാകട്ടെ വിൻഡീസിനെതിരെ ഇറങ്ങുന്നത് 417-ാം ഇന്നിംഗ്സിനാണ്. വിൻഡീസിനെതിരെ ഇന്ത്യൻ നായകന്‍റെ സെഞ്ചുറി പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

click me!