ഇന്ത്യക്ക് അതിന് കഴിയും; അതിനുള്ള കരുത്തുമുണ്ട്; മുന്‍ ഓസ്ട്രേലിയന്‍ താരം പറയുന്നു...

By Web TeamFirst Published Jun 20, 2019, 3:42 PM IST
Highlights

ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ധവാന് കൈവിരലിന് പരിക്കേറ്റത് 

ലണ്ടന്‍: ലോകകപ്പില്‍ ഇതുവരെ പരാജയമൊന്നും വഴങ്ങാതെ മുന്നേറുന്ന ഇന്ത്യക്കേറ്റ വലിയ തിരിച്ചടിയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ പരിക്ക്. കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് പുറത്തായ താരത്തിന് പകരക്കാരനായി ഋഷഭ് പന്താണ് ടീമില്‍ എത്തിയത്. ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇന്ത്യക്ക് ഈ ഇടംകൈയ്യന്‍ ഓപ്പണറുടെ പരിക്ക് വലിയ വെല്ലുവിളിയായി. 

എന്നാല്‍  ധവാന്‍റെ പരിക്ക് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണെങ്കിലും താരത്തിന്‍റെ അഭാവത്തിലും മുന്നോട്ട് പോകാനുള്ള കരുത്ത് ഇന്ത്യന്‍ ടീമിന് ഉണ്ടെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ഹസി. 'പുതിയ ടീമിന് ധവാന്‍റെ അഭാവത്തിലും മുന്നോട്ടു പോകാനുള്ള കരുത്തുണ്ട്'. അവര്‍ക്ക് അതിന് സാധിക്കുമെന്നും ഹസി വ്യക്തമാക്കി. 

ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ധവാന് കൈവിരലിന് പരിക്കേറ്റത്. വിരലിന് പൊട്ടലേറ്റതോടെ താരത്തിന് വിശ്രമം നല്‍കിയ ടീം മാനേജ്മെന്‍റ് മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്താം എന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍ പിന്നീട് പരിക്ക് ലോകകപ്പിന് മുമ്പ് ഭേദമാകില്ലെന്ന് ഉറപ്പായതോടെ ധവാന് പൂര്‍ണവിശ്രമം നല്‍കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചു.

പാറ്റ് കമ്മിൻസിന്‍റെ കുത്തിയുയര്‍ന്ന പന്താണ് പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാൻ സെഞ്ചുറിയും നേടി. എന്നാല്‍, ശിഖര്‍ ധവാൻ പിന്നീട് ഫീല്‍‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. തുടര്‍ന്ന് സ്കാനിംഗിന് വിധേയനാക്കിയപ്പോഴാണ് താരത്തിന്‍റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്.

click me!