പാകിസ്ഥാനിയായ ഇമ്രാന്‍ താഹിര്‍ എങ്ങനെ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കുന്നു; ആ കഥ ഇതാണ്

By Web TeamFirst Published Jun 4, 2019, 10:23 PM IST
Highlights

വിക്കറ്റ് വീഴുമ്പോള്‍ ഇരു കൈകളും ഉയര്‍ത്തി ആഹ്ളാദ പ്രകടനം നടത്തുന്ന താഹിര്‍ ശരിക്കും പാകിസ്ഥാന്‍ സ്വദേശിയാണ്. 

 ലണ്ടന്‍: ഈ ലോകകപ്പിലെ ആദ്യമത്സരത്തില്‍ ആദ്യ ഓവര്‍ എറിയുകയും ആദ്യ വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഇമ്രാന്‍ താഹിര്‍ ശരിക്കും ദക്ഷിണാഫ്രിക്കനാണോ? വിക്കറ്റ് വീഴുമ്പോള്‍ ഇരു കൈകളും ഉയര്‍ത്തി ആഹ്ളാദ പ്രകടനം നടത്തുന്ന താഹിര്‍ ശരിക്കും പാകിസ്ഥാന്‍ സ്വദേശിയാണ്. ജനിച്ച രാജ്യത്തെ ടീമില്‍ ഇടം നേടാനാവതെ ഇംഗ്ലണ്ടിലേക്കും അവിടെ നിന്നും ദക്ഷിണാഫ്രിക്കയിലേക്കും കുടിയേറിയ താരം. ലെഗ് ബ്രേക്ക് ഗൂഗിളി സ്‌പെഷ്യലിസ്റ്റായ ഇദ്ദേഹത്തിന് ഇപ്പോള്‍ 40 വയസു കഴിഞ്ഞിരിക്കുന്നു. ഈ വേള്‍ഡ്കപ്പിലെ സീനിയര്‍ താരങ്ങളിലൊരാള്‍.

പാകിസ്ഥാനിലെ ലാഹോറിലാണ് മുഹമ്മദ് ഇമ്രാന്‍ താഹിറിന്റെ ജനനം. കുടുംബത്തിലെ ദാരിദ്ര്യം കാരണം പതിനാറാം വയസില്‍ പഠിപ്പ് ഉപേക്ഷിച്ച് ലാഹോറിലെ പേസ് ഷോപ്പിങ് മാളില്‍ റീട്ടെയ്ല്‍ സെയില്‍സ്മാനായി ജോലിക്കു ചേര്‍ന്നതാണ്. അതും തുച്ഛമായ ശമ്പളത്തിന്. ജോലിക്കിടയിലും ക്രിക്കറ്റ് കളിക്കാന്‍ സമയം കണ്ടെത്തി. നന്നായി പന്തെറിഞ്ഞിരുന്ന താഹിറിന്റെ ഭാഗ്യവര തെളിയുന്നത് പാകിസ്ഥാന്റെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെയാണ്. നല്ലൊരു സ്പിന്നറായി പേരെടുത്തതോടെ താഹിര്‍ പാക്കിസ്ഥാന്‍ എ ടീമിലും കളിച്ചുതുടങ്ങി. എന്നാല്‍, വന്‍താരങ്ങള്‍ ഇടിച്ചു നില്‍ക്കുന്ന പാക് ദേശീയ ടീമില്‍ കളിക്കാന്‍ താഹിറിന് അവസരം ലഭിച്ചില്ല. 

അതോടെ, കൗണ്ടി ക്രിക്കറ്റ് കളിക്കാനായി ഇംഗ്ലണ്ടിലെത്തിയെങ്കിലും അവിടെയും പിടിച്ചു നില്‍ക്കാനായില്ല. യോര്‍ക്ക്‌ഷെയര്‍, മിഡില്‍സെക്‌സ്, സ്റ്റഫോഡ്‌ഷെയര്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കു വേണ്ടി ഏതാനും അപ്രധാന മത്സരങ്ങള്‍ മാത്രം കളിച്ചു. ഒരു ഭാഗ്യപരീക്ഷണമെന്ന നിലയ്ക്ക്, ഇരുപത്തിയാറാം വയസ്സില്‍ ദക്ഷിണാഫ്രിക്കയിലേക്കു ചേക്കേറി. സുമയ്യ ദില്‍ദാര്‍ എന്ന ദക്ഷിണാഫ്രിക്കക്കാരിയെ വിവാഹം കഴിച്ചു അവിടെ സ്ഥിര താമസമായി. അങ്ങനെ അവിടെ തുടര്‍ന്ന താഹിര്‍ അഞ്ചു വര്‍ഷത്തോളം ആഭ്യന്തര ക്രിക്കറ്റ് കളിച്ചു.

നല്ലൊരു സ്പിന്നര്‍ ഇല്ലാതെ വിഷമിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് വൈകാതെ എത്തിപ്പെട്ടെങ്കിലും ഭാഗ്യദോഷം പിന്നെയും വിനയായി. ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിലേക്കാണ് താഹിറിന് ആദ്യ വിളി വന്നതെങ്കിലും ദേശീയ ടീമില്‍ കളിക്കാന്‍ മതിയായ യോഗ്യതയില്ലാതിരുന്നതിനെ തുടര്‍ന്ന് കളിക്കാന്‍ കഴിഞ്ഞില്ല. 

പിന്നെയും ഒരുവര്‍ഷത്തോളം നീണ്ട കാത്തിരിപ്പ്. ഒടുവില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഡല്‍ഹിയില്‍ 2011 ഫെബ്രുവരി 24-ന് ലോകകപ്പില്‍ താഹിര്‍ ആദ്യമായി അന്താരാഷ്ട്ര ഏകദിനം കളിച്ചു. 10 ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 41 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയാണ് താഹിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അന്നു വരവ് അറിയിച്ചത്. പിന്നീട് 2011 നവംബര്‍ 11-ന് കേപ്ടൗണില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള ടെസ്റ്റ് മത്സരത്തിലേക്ക് തെരഞ്ഞെടുത്തു. ആദ്യ ഇന്നിങ്‌സില്‍ 20 ഓവര്‍ മാത്രമേ എറിയാന്‍ കഴിഞ്ഞുള്ളു. വിക്കറ്റൊന്നും കിട്ടിയതുമില്ല.

ഇതുവരെ 100 ഏകദിനങ്ങള്‍ കളിച്ച താഹിര്‍ 166 വിക്കറ്റുകള്‍ വീഴ്ത്തി കഴിഞ്ഞു. 45 റണ്‍സ് വിട്ടു കൊടുത്തു ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. മൂന്നു തവണ അഞ്ചു വിക്കറ്റ് പ്രകടനം നടത്തി. 4.65 ഇക്കോണമി റേറ്റില്‍ അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് എന്ന കണക്കില്‍. ദക്ഷിണാഫ്രിക്കയുടെ ബോളിങ് കുന്തമുന എന്നു വിശേഷിക്കപ്പെടുന്ന താഹിറിന് ഇത് അവസാന ലോകകപ്പാണ്. ഇതുവരെ കപ്പില്‍ മുത്തമിടാന്‍ യോഗമില്ലാതിരുന്ന ദക്ഷിണാഫ്രിക്കയും താഹിറും കൊതിക്കുന്നതും ഒരു ലോകകപ്പ് എന്ന സ്വപ്‌നം മാത്രമാണ്.

click me!