
വരാണസി: ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീം ജയിക്കുന്നതിന് വേണ്ടി ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ പ്രത്യേക പൂജ നടത്തി ക്രിക്കറ്റ് പ്രേമികൾ. വരാണസി, ഗോരാഖ്പൂർ, പ്രയാഗ്‍രാജ് എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ വിജയത്തിനായി ഞായറാഴ്ച പ്രത്യേക പൂജ നടത്തിയത്. ഉത്തർപ്രദേശ് കൂടാതെ ജമ്മു കശ്മീരിലെ ഒരു ക്ഷേത്രത്തിലും ക്രിക്കറ്റ് പ്രേമികൾ പ്രത്യേക പൂജകൾ നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകകപ്പിൽ പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ കീഴടക്കാൻ സാധിച്ചിട്ടില്ല. ഇനിയും ഇന്ത്യയെ തോൽപ്പിക്കാൻ പാക്കിസ്ഥാന് കഴിയില്ല. മത്സരത്തിന്റെ നല്ല തുടക്കത്തിന് വേണ്ടിയാണ് തങ്ങൾ പൂജകൾ നടത്തുന്നതെന്ന് ക്രിക്കറ്റ് ആരാധകർ പറയുന്നു. 1992-ലെ ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആദ്യമായി ഏറ്റുമുട്ടുന്നത്. ഇതുവരെ കഴിഞ്ഞ ആറ് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. എന്നാൽ ഏകദിന ക്രിക്കറ്റിൽ 131 തവണ ഇരു ടീമും ഏറ്റുമുട്ടിയതിൽ 73 മത്സരത്തിലും പാക്കിസ്ഥാനാണ് ജയം സ്വന്തമാക്കിയത്. 56 തവണ മാത്രമേ ഇന്ത്യ വിജയിച്ചിട്ടുള്ളു.
അതേസമയം, പാക്കിസ്ഥാനെതിരെതിരായ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തോടെ 336 റണ്‍സെടുത്തിട്ടുണ്ട്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി.