
ചെന്നൈ: തമിഴ്‌നാട്ടിൽ 11 വയസ്സുള്ള ആൺകുട്ടിക്ക് നേരെ ജാതി അധിക്ഷേപം. കുട്ടിയെ ജാതീയമായി അധിക്ഷേപിച്ച് തീയിലേക്ക് തള്ളിയിട്ടതിന് മൂന്ന് പ്രായപൂർത്തിയാകാത്തവർക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. വിഴുപുരം ജില്ലയിലെ തിണ്ടിവനം ടൗണിലെ കാട്ടുചിവിരി സർക്കാർ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. അക്രമികളും ഇതേ സ്‌കൂളിലെ വിദ്യാർത്ഥികളാണ്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് 11 വയസ്സുള്ള കുട്ടി മുത്തശ്ശിയെ കാണാൻ വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ് പറഞ്ഞു. മുതുകിലും നെഞ്ചിലും തോളിലും പൊള്ളലേറ്റ് പിന്നീട് വീട്ടിലെത്തിയ കുട്ടിയെ കണ്ട് മാതാപിതാക്കൾ ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ, തീപിടിച്ച കുറ്റിക്കാട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് ആദ്യം കുട്ടി പറഞ്ഞു.
കുട്ടിയെ ചികിത്സയ്ക്കായി തിണ്ടിവനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ സ്‌കൂളിലെ രണ്ട് ഉയർന്ന ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾ തന്നെ ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തുവെന്ന് നിരവധി തവണ നിർബന്ധിച്ചതിനൊടുവിൽ വെളിപ്പെടുത്തി. അന്ന് കുട്ടി ഒറ്റയ്ക്ക് റോഡിലൂടെ നടക്കുന്നത് കണ്ട ആൺകുട്ടികൾ അവനെ കുറ്റിക്കാട്ടിലെ തീയിലേക്ക് തള്ളിയിടുകയായിരുന്നു.
കുട്ടിയുടെ ഷർട്ടിന് ഉടൻ തീപിടിച്ചു. ശരീരത്തിൽ പൊള്ളലേറ്റു. തൊടുത്തുള്ള വെള്ളം നിറച്ച ടാങ്കിലേക്ക് ചാടി കുട്ടി സ്വയം രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം, മൂന്ന് വിദ്യാർത്ഥികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 324 പ്രകാരവും എസ്‌സി/എസ്ടി നിയമത്തിലെ സെക്ഷൻ 3 (1) (ആർ) (എസ്) പ്രകാരവും കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam