
മുംബൈ: തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്നതായി മുംബൈ പൊലീസിന് പരാതി നൽകി 14കാരി. പെൺകുട്ടിയുടെ സ്കൂളിൽ തന്നെയുള്ള 13 കാരനെതിരെയാണ് പരാതി. ആൺകുട്ടി പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് പരാതി നൽകിയിരിക്കുന്നത്.
ആൺകുട്ടിക്കെതിരെ കേസെടുത്ത പൊലീസ് കുട്ടികളുടെ കോടതിയിൽ ഹാജരാകാൻ നോട്ടീസ് നൽകി. പരാതിയിൽ പറയുന്നത് പ്രകാരം ലോക്ക്ഡൗൺ സമയത്താണ് പെൺകുട്ടി ആൺകുട്ടിയെ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. അറിയാത്ത അക്കൗണ്ടിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തു. ഇരുവരും മെസ്സേജുകൾ അയക്കാൻ ആരംഭിച്ചു. ഇരുവരും സൗഹൃദത്തിലായി. എന്നാൽ പെൺകുട്ടിയ്ക്ക് മെസ്സേജ് അയക്കുന്നയാളെ കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു.
ഇരുവരും ട്രൂത്ത് ഓർ ഡെയർ ഗെയിം കളിക്കുകയായിരുന്നു. ഇതിൽ പെൺകുട്ടിയോട് വീഡിയോകോളിൽ വന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതുപ്രകാരം പെൺകുട്ടി ചെയ്യുകയും ഇത് 13കാരൻ സ്ക്രീൻ റെക്കോർഡ് ചെയ്യുകയും ചെയ്തു.
അടുത്ത തവണ സംസാരിച്ചപ്പോൾ മുതൽ 13കാരൻ ഈ വീഡിയോ കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ആൺകുട്ടിയുടെ ആവശ്യം നിരസിച്ചതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ പെൺകുട്ടി 13കാരനെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു. പിന്നീട് ആൺകുട്ടി ഈ വീഡിയോ ഇവരുടെ സുഹൃത്തുക്കളിലൊരാൾക്ക് കൈമാറി. ഈ സുഹൃത്ത് ആൺകുട്ടിയെ ബ്ലോക്ക് ചെയ്യുകയും പെൺകുട്ടിയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ഐപി അഡ്രസ് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ അതേ സ്കൂളിൽ പഠിക്കുകയാണ് യൂസർ എന്ന് മനസ്സിലായത്. സംഭവം അറിഞ്ഞ് കുട്ടിയുടെ രക്ഷിതാക്കൾ ഞെട്ടിയെന്ന് പൊലീസ് പറയുന്നു. മകൻ ലോക്ക്ഡൗൺ സമയത്ത് മണിക്കൂറുകളോളം റൂമിൽ അടച്ചിരിക്കുമായിരുന്നുവെന്നും ഇവർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam